ochu
കിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിലെ മതിലിൽ ഒച്ചുകൾ കയറിയ നിലയിൽ

ആലുവ: കിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിൽ വെള്ളക്കെട്ടിന് പുറമെ ഒച്ചുശല്യവും രൂക്ഷമായതോടെ പരിസരവാസികൾ ഇരട്ടി ദുരിതത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ പ്രദേശത്തെ കുന്നക്കാല, കടുവേലി, കോവാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. പലരുടെയും വീടുകളിൽ വെള്ളം കയറി. തുഞ്ചൻപറമ്പിൽ അജിത് കുമാറിന്റെ വീട്ടിൽ എല്ലാ മുറികളിലും വെള്ളം കയറി. മഴ തുടർന്നാൽ ഇവിടെ നിന്നും മാറി താമസിക്കേണ്ട അവസ്ഥയാണ്. ഇതിനിടെയാണ് ഒച്ചുശല്യവും രൂക്ഷമായത്. കനാൽ റോഡിൽ താമസിക്കുന്ന കാച്ചപ്പിള്ളി ഫിലോമിനയുടെ വീടും പരിസരവും ഒച്ചുശല്യത്തിലും വെള്ളക്കെട്ടിലും വലയുകയാണ്. മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനാൽ കാനകൾ അടഞ്ഞു കിടക്കുകയാണ്. മഴ വെള്ളം ഒഴുകിപോകാതെ വീടുകളിലേക്ക് കയറുകയാണ്.

ഒച്ചുശല്യത്തെ കുറിച്ച് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചപ്പോൾ ഉപ്പു വിതറാനാണ് നിർദ്ദേശം.

മഴ ശക്തമായാൽ പരിസരവാസികളെല്ലാം താമസം മാറേണ്ട സാഹചര്യമാണ്. അധികൃതർ പ്രശ്‌നപരിഹാരത്തിന് തയാറാകണം.

ശ്രീകുമാർ മുല്ലേപ്പിള്ളി

മുൻ പഞ്ചായത്തംഗം