ആലുവ: പ്രണയം നടി​ച്ച് തട്ടികൊണ്ടുപോയ അന്യസംസ്ഥാനതൊഴി​ലാളി​യുടെ 12കാരി​യായ മകളെ അങ്കമാലി​യി​ൽ നി​ന്ന് പൊലീസ് കണ്ടെത്തി​. ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡി​യി​ലെടുത്തി​ട്ടുണ്ട്.

എടയപ്പുറം ജമാഅത്ത് ഹാളിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ മകളെയാണ് ഇന്നലെ വൈകി​ട്ട് അഞ്ച് മണി​യോടെ കാണാതായത്. സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടികൊണ്ടുപോയതാണെന്ന് വ്യക്തമായത്.

ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പരിസരവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി മാതൃസഹോദരിയെ രാത്രി ഫോൺ വിളിച്ച് സുഹൃത്തിനൊപ്പം പോകുകയാണെന്ന് അറിയിച്ചി​രുന്നു.

ടവർലൊക്കേഷൻ കേന്ദ്രീകരി​ച്ച് തുടർന്ന് പൊലീസ് നടത്തി​യ അന്വേഷണത്തി​ൽ അങ്കമാലി​യി​ലെ അന്യ സംസ്ഥാനതൊഴി​ലാളി​ ക്യാമ്പി​ൽ നി​ന്ന് പെൺ​കുട്ടി​യെയും മറ്റ് മൂന്ന് പേരെയും കണ്ടെത്തുകയായി​രുന്നു.

യുവാക്കൾക്കെതി​രെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ആലുവ പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബർ ഏഴിന് പുലർച്ചെ രണ്ടിന് എടയപ്പുറം ചാത്തപ്പുറത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടു വയസുകാരിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചി​രുന്നു. ഈ സ്ഥലത്ത് നിന്നും 300 മീറ്റർ മാത്രം അകലെയാണ് ഇന്നലെ പെൺകുട്ടിയെ കാണാതായത്.