periyar

പെരിയാറിലെ മത്സ്യക്കുരുതി ആകസ്മികമായി സംഭവിച്ച ഒറ്റപ്പെട്ട ഒരു ജലദുരന്തമല്ല. സർക്കാർ സംവിധാനങ്ങളുടെ പോലും ഒത്താശയോടെ വ്യവസായ ലോബി ആസൂത്രിതമായി രാസമാലിന്യങ്ങൾ ഉൾപ്പടെയുള്ള മലിന വസ്തുക്കൾ നദിയിലേക്ക് ഒഴുക്കുന്ന പ്രക്രിയയുടെ പ്രത്യാഘാതമായിരുന്നു ഈ ദുരന്തം. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിയുടെ (കുഫോസ്) അന്വേഷണത്തിൽ,​ കൂടിയ അളവിൽ അപകടകാരികളായ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലുള്ളവയുടെ സാന്നിദ്ധ്യവും ജലത്തിലെ ഓക്സിജന്റെ കുറഞ്ഞ അളവും പി.എച്ച്. മൂല്യത്തിലെ വ്യതിയാനവും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിരോധത്തിനായി ഉയർത്തിയ വാദങ്ങൾ പാഴാണെന്നും ഇതുവഴി ബോദ്ധ്യമായി. സർക്കാർ എന്തുകൊണ്ട് അക്ഷന്തവ്യമായ അലംഭാവം സ്വീകരിക്കുന്നു എന്നതും ആലോചിക്കണം.

നമ്മുടെ സമൂഹത്തിന്റെ ഇപ്പോഴത്തെ പൊതു മാനസികാവസ്ഥ പരിഗണിക്കുമ്പോൾ ഇതേ വിധത്തിൽ,​ ഒരു മനുഷ്യക്കുരുതി സംഭവിച്ചാൽപ്പോലും ഭരണകൂട നിസംഗത തുടരുമായിരിക്കും! ഒരു നദിയെ എങ്ങനെ നിലനിറുത്തണമെന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. നദികളെ ചവറ്റുകുട്ടകളായി കാണുന്ന സ്ഥിതിവിശേഷം മാറണം. നദികൾ നിർവഹിക്കുന്ന മനുഷ്യ സേവനങ്ങൾ തിരിച്ചറിഞ്ഞ് നമ്മുടെ മനോഭാവത്തിൽ തിരുത്തലുകൾ വരുത്തണം.

സമൂഹത്തിന്റെ

വികാരം

വിദേശ രാജ്യങ്ങളിൽ തിരക്കുളള നഗരങ്ങളെപ്പോലും പുല്കിയൊഴുകുന്ന നദികളെ സംശുദ്ധമായി സംരക്ഷിക്കുന്നത് അവിടത്തെ പൊതുസമൂഹമാണ്. അത് അവരുടെ സംസ്ക്കാരമാണ്. നദികളെ മലിനമാക്കാനുള്ള ഏതു ശ്രമങ്ങളെയും അവർ സ്വയം പ്രതിരോധിക്കുന്ന രീതിയാണ് അവിടങ്ങളിൽ അവലംബിക്കുന്നത്. അതിന്റെ ഗുണഫലങ്ങൾ ടൂറിസത്തിലൂടെയും സ്വന്തം ആരോഗ്യ പരിരക്ഷയിലൂടെയും അവർക്ക് ലഭിക്കുകയും ചെയ്യുന്നു. പൊതു സമൂഹത്തിന്റെ വികാരപ്രകടനമാണ് അവരുടെ ഭരണകൂടങ്ങളിൽ പ്രതിഫലിക്കുന്നതും. ഭൂരിപക്ഷത്തിന്റെ ആശയാഗ്രഹങ്ങളാണല്ലോ യഥാർത്ഥ ജനാധിപത്യ ഭരണത്തിൽ നമ്മളും അനുഭവിക്കേണ്ടത്.

വൃക്ഷനിബിഡമായ മലനാടിന്റെ മലയോരങ്ങളിൽ നിന്ന് ഒലിച്ചിറങ്ങി,​ ഇടനാട് താണ്ടി തീരപ്രദേശങ്ങളിലൂടെ കായലിലോ കടലിലോ പതിക്കുന്ന 44 നദികൾ കേരളത്തിന്റെ അമൂല്യമായ സമ്പത്തും സവിശേഷതയുമാണ്. ഇതിൽ ഏറ്റവും നീളം കൂടിയ നദിയാണ് 245 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ. വനപുഷ്ടിമ തീർത്ത പശ്ചിമഘട്ടത്തിൽ ഇലകളും കൊമ്പുകളും വീണുണ്ടായ അടിക്കാടിന്റെ ജൈവാവരണം വനത്തിൽ പെയ്യുന്ന മഴയെ ഭൂമിയെക്കൊണ്ട് കുടിപ്പിച്ച് ഭൂഗർഭ ജലസമ്പത്തിന് കൊഴുപ്പേകി,​ എക്കാലവും (വേനലിൽപ്പോലും) നദികൾക്ക് ഒഴുകുവാനുള്ള നീരൊഴുക്ക് ഉറപ്പാക്കിയിരുന്നു. വികസനത്തിന്റെ വികൃതമുഖം വനനശീകരണമെന്ന ദുർഭൂതത്തെ തുറന്നുവിട്ടതോടെ നദികളുടെ ജലസമൃദ്ധി ഹനിക്കപ്പെട്ടു. പെരിയാറിലും നീരൊഴുക്കു കുറഞ്ഞു. അതോടെ ആരോഗ്യം ക്ഷയിച്ച നദിക്ക് കുറഞ്ഞ അളവിൽപ്പോലും മാലിന്യത്തെ ഉൾക്കൊള്ളാൻ കഴിയായെയായി.

മണലിൽ കുഴിച്ച

മരണഗർത്തം

നദിയുടെ അടിത്തട്ടിലെ മണൽഖനി അനിയന്ത്രിതമായി കുഴിച്ചെടുത്ത് പുഴയ്ക്ക് നമ്മൾ സമുദ്രത്തോളം ആഴം കൂട്ടി! പുഴജലത്തിന് ഭൂമിയിൽ കിനിഞ്ഞിറങ്ങി പ്രാന്തപ്രദേശങ്ങളിൽ ഭൂഗർഭ ജലവും മണ്ണിന് ഫലഭൂയിഷ്ടതയും ഉറപ്പാക്കാൻ സഹായിച്ചിരുന്നത് അടിത്തട്ടിലെ മണൽത്തിട്ടയാണ്. നദിയുടെ ആ സ്വഭാവവും സാദ്ധ്യതയും നഷ്ടമായി. ജലസമൃദ്ധിയുള്ള കാലത്ത് നദിയുടെ തീരത്ത് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വ്യവസായങ്ങൾ കടന്നുവന്നു. ഒരു പരിധിവരെ മാലിന്യങ്ങളെ ഉൾച്ചേർത്ത് കടലിൽ എത്തിക്കുവാൻ ജലസമ്പന്നത നദിയെ പ്രാപ്തമാക്കിയിരുന്നു. തീർത്തും ശോഷിച്ചപ്പോൾ മാലിന്യം ഒട്ടും ഉൾക്കൊള്ളാൻ നദിക്ക് കഴിയാതെയുമായി. ഊർജ്ജത്തിനും കൃഷിക്കുമായി പതിനാറോളം ഡാമുകൾ നിർമ്മിച്ച് പെരിയാറിന്റെ സ്വതസിദ്ധമായ ഒഴുക്കിന് നമ്മൾ കടിഞ്ഞാണിട്ടതും നദിയെ കൂടുതൽ ശോഷിപ്പിച്ചു.

പൊതു സമൂഹത്തിന്റെ വികാരം ശിഥിലമായി. സമൂഹ നിസംഗത സ്വാർത്ഥതയുടെ പ്രതീകമായി. പുഴയുടെയും മനുഷ്യന്റെയും നിലനിൽപ്പ് പരസ്പരപൂരകമാണെന്ന ബോദ്ധ്യത്തിനു മുന്നിൽ വലിയ ചോദ്യചിഹ്നമുയർന്നു. ഭരണകൂടങ്ങളുടെ പോലും പെരുമാറ്റദൂഷ്യത്തിന് നിദാനം പൊതുസമൂഹത്തിന്റെ നിസംഗതയാണ്. 1970-കൾ വരെ വനമേഖലയിലെ ഔഷധസസ്യങ്ങളെ തലോടി ഒഴുകിയെത്തിയിരുന്ന പെരിയാറിലെ പനിനീരെന്ന് വിശേഷിപ്പിക്കപ്പെട്ട ജലം മൊത്തികുടിക്കുവാൻ വരെ കഴിയുമായിരുന്നു. ഇന്ന് ഇറങ്ങിക്കുളിച്ചാൽ ത്വക്‌‌രോഗ ഭീഷണിയിലേക്കെത്തിച്ചത് പൊതു സമൂഹത്തിന്റെ, നമ്മുടെ അലംഭാവവും നിസംഗതയുമാണ്.


മത്സ്യസമ്പത്തടക്കം നമ്മുടെ സമ്പദ്ഘടനയുടെ വൈവിദ്ധ്യങ്ങളായ തലങ്ങൾക്ക് കരുത്തേകുന്ന പെരിയാറിന്റെ പെരുമ നിലനിറുത്താൻ ഈ വൈകിയ വേളയിലെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കിൽ രാസമാലിന്യ വാഹിനിയായ നദിമൂലം ഒരു മനുഷ്യക്കുരുതിക്കു പോലും നമ്മൾ സാക്ഷികളാകേണ്ടി വരും. ഏറെ നാളുകളായി പരിസ്ഥിതി പ്രവർത്തകരും ഈ മേഖലയിലെ വിദഗ്ദ്ധരും ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യമാണ് പുഴകൾക്കു വേണ്ടി നിയമാധികാരമുള്ള അതോറിട്ടി രൂപീകരിക്കുക എന്നത്. ഇച്ഛാശക്തിയുള്ള സർക്കാരിന് നടപ്പാക്കാവുന്ന നിർദ്ദേശമാണ് ഇത്. ഒപ്പംതന്നെ പുഴകളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം മാറുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഉണ്ടാകണം.

( പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റാണ് ലേഖകൻ. ഫോൺ: 94474 74707 )

പെരിയാറിനെ കരയിച്ച മത്സ്യക്കുരുതി

 പെരി​യാർ നദി​യുടെ ഏലൂർ ഭാഗത്ത് മേയ് 21ന് ​ പുഴയി​ലെ ലക്ഷക്കണക്കി​ന് ചെറുതും വലുതുമായ മത്സ്യങ്ങൾ ചത്തുപൊങ്ങി​. തീരത്തെ ഫാക്ടറി​കളി​ൽ നി​ന്ന് പുഴയി​ലേക്കൊഴുക്കി​യ വി​ഷമാലി​ന്യങ്ങളാണ് ഇതി​നു കാരണമെന്ന് കരുതപ്പെടുന്നു.  പുഴയി​ൽ കൂടുമത്സ്യ കൃഷി​ നടത്തുന്ന കർഷകരുടെ ടൺ​ കണക്കി​ന് മത്സ്യങ്ങളും നശി​ച്ചു. കോടി​കളുടെ നഷ്ടമാണ് കണക്കാക്കുന്നത്. മത്സ്യസമ്പത്തി​നും ജലജീവി​കളുടെ ആവാസവ്യവസ്ഥയ്ക്കും ഇത് കാരണമാകുമെന്ന് ആശങ്കയുണ്ട്.  മലി​നീകരണ നി​യന്ത്രണ ബോർഡും കുഫോസും ഇതു സംബന്ധിച്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ പരസ്പരവിരുദ്ധം. പുഴയിൽ രാസമാലിന്യങ്ങൾ കണ്ടെത്താനായില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. അന്വേഷണം,​ കണ്ടെത്തൽ  മലി​നീകരണ നി​യന്ത്രണബോർഡ് : ജൈവമാലി​ന്യവും കാരണമാകാം. വ്യവസായമേഖലയി​ൽ നി​ന്ന് മാലി​ന്യം തള്ളുന്നതായി​ കണ്ടെത്തി​യി​ട്ടി​ല്ല.  കേരള മത്സ്യ- സമുദ്രപഠന സർവകലാശാല: അപകടകരമായ തോതിൽ ജലത്തിൽ ഹൈഡ്രജൻ സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിദ്ധ്യം.  ഫി​ഷറീസ് വകുപ്പ് : കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്, ഏലൂർ മേഖലയി​ലെ മത്സ്യസമ്പത്തി​ന് നാശം. പൂർവസ്ഥി​തി​യി​ലാകാൻ ആറു മാസമെങ്കി​ലും വേണ്ടി​വരും.  സബ് കളക്ടർ : കൂടുതൽ അന്വേഷണം വേണമെന്ന് ശുപാർശ. അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി​ക്ക് സമർപ്പി​ച്ചു. ഫോട്ടോ ക്യാപ്ഷൻ ........................................... പെരിയാറിൽ, കൂടു മത്സ്യക്കൃഷി നടത്തുന്ന കളമശേരി ഭാഗത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോൾ