കിഴക്കമ്പലം: ഒന്നര പതിറ്റാണ്ടായി നെല്ലാട് റോഡിന്റെ ദുർഗതി തുടരുകയാണ്. കിഴക്കമ്പലത്തുനിന്ന് തുടങ്ങി നെല്ലാട് അവസാനിക്കുന്ന 14.4 കിലോമീറ്റർ വരുന്ന റോഡാണിത്. ചുവപ്പ് നാടയിൽ കുടുങ്ങിയെ ഫയലുകൾ, ഉദ്യോഗസ്ഥരുടെ അനാസ്ഥ... ഈ റോഡിന്റെ ദുർഗതി മാറാൻ ഇനിയും അനന്തമായി കാത്തിരിക്കണം. ഇടയ്ക്ക് ഏതാനും ഭാഗങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തതിനാൽ വലിയ വാഹനങ്ങൾക്ക് കഷ്ടി യാത്ര ചെയ്യാമെന്നുമാത്രം.
ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും റോഡിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്. റോഡിനായി രൂപീകരിച്ച നെല്ലാട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി. ഒടുവിൽ റോഡ് വിഷയം കോടതി കയറിയിട്ടും സ്ഥിതി മാറിയില്ല. റോഡ് പുനർനിർമ്മാണത്തിനടക്കം പ്രഖ്യാപനങ്ങൾ ഒരുപാട് വന്നെങ്കിലും പണിമാത്രം നടന്നില്ലെന്നുമാത്രം.
50 കോടി
ആറുവർഷംകൊണ്ട് റോഡിന് അനുവദിച്ചത് 50 കോടിയോളമാണ്. എന്നാൽ റോഡിലെ കുഴികൾക്ക് യാതൊരു കുറവുമില്ല. വേനലിൽ പൊടിപൂരവും മഴയത്ത് കുഴികളിൽ നിറയുന്ന ചെളിവെള്ളവും ഈ വഴിയുള്ള യാത്ര എക്കാലത്തും ദുരിതമയമാണ്. റോഡിൽ പ്രതിദിനം പത്തിലധികം അപകടങ്ങളാണുണ്ടാകുന്നത്.
* ഫണ്ട് വന്നു, റോഡില്ല
ഉന്നതനിലവാരത്തിൽ ടാറിംഗ് പൂർത്തീകരിക്കുന്നതിന് 10.45 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ട് നാലുമാസം കഴിഞ്ഞു. പണിമാത്രം തുടങ്ങിയില്ല. നിലവിൽ പൊതുമരാമത്ത് അക്കൗണ്ട്സ് വിഭാഗം റോഡിന് അനുവദിച്ച ഫണ്ട് ലഭ്യമാക്കാനുള്ള എൻ.ഒ.സി നൽകി. ഇനി കരാറെടുത്തയാൾക്ക് ഫണ്ട് കൈമാറാനുള്ള അനുമതി കിഫ്ബി ലഭ്യമാക്കണം. തുടർന്ന് കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കേണ്ടത്.
ഇതേറോഡിന് കിഫ്ബി വഴി നിർമ്മാണത്തിനായി 32.6 കോടി രൂപയാണ് 2018ൽ വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി മനക്കക്കടവ് പള്ളിക്കര, പട്ടിമറ്റം പത്താംമൈൽ റോഡുകളുടെ പണി പൂർത്തിയാക്കി. കിഴക്കമ്പലം നെല്ലാട് റോഡ് പണി കരാറുകാരൻ ഉപേക്ഷിച്ചു.
വീണ്ടും പത്ത് കോടി റോഡ് അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു.
പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലംവരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റംവരെ 1.10 കോടിയും അറ്റകുറ്റപ്പണിക്ക് അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല.
വീണ്ടും 1.59 കോടിരൂപകൂടി അനുവദിച്ചു. എന്നാൽ ആദ്യമാദ്യം അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയപടിയായി.