spc

കൊച്ചി: കുതിച്ചുയരുന്ന സൈബർ കുറ്റകൃത്യങ്ങളെ പിടിച്ചുകെട്ടാൻ സ്റ്റുഡൻസ് പൊലീസ് കേഡറ്റുമാരും (എസ്.പി.സി) ഇറങ്ങും. സ്‌കൂളുകളിലെ സൈബർ സുരക്ഷാ ബോധവത്കരണമാണ് ചുമതല. കൊച്ചി സിറ്റി പൊലീസ് വിഭാവനം ചെയ്യുന്ന പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കും. സൈബർ കേസുകളും വിദ്യാർത്ഥികളിലെ ഡിജിറ്റൽ അഡിഷനും വർദ്ധിച്ച സാഹചര്യത്തിലാണ് അനിവാര്യമായ പദ്ധതി ഒരുക്കുന്നത്.

ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക വഴി കുടുംബത്തിലും സമൂഹത്തിലും കാതലായ മാറ്റം കൈവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സെബർ തട്ടിപ്പുകളിൽ വീഴാതിരിക്കാന്നുള്ള മുൻകരുതലുകളും നിയമസഹായം തേടേണ്ട രീതികളും കേഡറ്റുമാർ പഠിപ്പിക്കും. സ്‌കൂളുകളിലെ ഐ.ടി അദ്ധ്യാപകർക്കും കൗൺസിലർമാർക്കും ആദ്യഘട്ട പരിശീലനം നൽകി. എസ്.പി.സി സിലബസിലുള്ള സൈബർ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകിയാണ് പരിശീലനം.

 ഗെയിം കെണി

കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡിജിറ്റൽ ഡി.അഡിക്ഷൻ സെന്ററിൽ നാല് മാസത്തിനിടെ കൗൺസിംഗിന് വിധേയരായത് 100 കുട്ടികളാണ്. ബഹുഭൂരിഭാഗവും ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവരാണ്. കൗൺസലിംഗോടെ കുട്ടികളിൽ മാറ്രമുണ്ടായതായും ഗെയിമുകളിൽ നിന്ന് പതിയെ മോചിതരായെന്നും ഡിജിറ്റൽ ഡിഅഡിക്ഷൻ സെന്റർ വൃത്തങ്ങൾ പറഞ്ഞു.

167 സ്‌കൂളുകൾ

സംസ്ഥാനത്ത് പുതിയതായി എസ്.പി.സി അനുവദിക്കപ്പെട്ടത്

970 സ്‌കൂളുകൾ

എസ്.പി.സി അനുവദിക്കപ്പെട്ട ആകെ സ്കൂളുകൾ

84

ഒരു സ്‌കൂളിലെ കേഡറ്രുകൾ

11,176 കേഡറ്രുകൾ

ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ലാണ് എസ്.പി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഐ.ജി. പി.വിജയന്റെ സ്വപ്‌ന പദ്ധതിയിൽ തുടക്കം 127 സ്‌കൂളുകളിലായി 11,176 കേഡറ്രുകളായിരുന്നു. ഗതാഗത, വനം, എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്.

 എസ്.പി.സിയുടെ ലക്ഷ്യങ്ങൾ

1. നിയമത്തെ അംഗീകരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക
2. പൗരബോധം, മതേതര വീക്ഷണം, നിരീക്ഷണ പാടവം, നേതൃശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക.
3.ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, സാമൂഹിക സേവനം

പദ്ധതി ഈ അദ്ധ്യായനവർഷം ആരംഭിക്കും. ഇതിലൂടെ തട്ടിപ്പും വെട്ടിപ്പുകളും മറ്റും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.ബി. സൂരജ്

എൻ.സി.ബി നോഡൽ ഓഫീസർ

കൊച്ചി സിറ്രി പൊലീസ്