പെരുമ്പാവൂർ: പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന വെങ്ങോല പഞ്ചായത്തിലെ ഓണംകുളം - ഊട്ടിമറ്റം പൊതുമരാമത്ത് വകുപ്പ്റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വെങ്ങോല സ്വാശ്രയ മലയാളി റെസിഡന്റ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച് പലവട്ടം ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുനീങ്ങുന്നത്.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കാൽനടയാത്രയ്ക്കുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് റോഡ്. കഴിഞ്ഞദിവസത്തെ മഴയിൽ റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് പലേടത്തും കുളങ്ങൾക്ക് സമാനമായി മാറി. റെസി. അസോസിയേഷൻ യോഗത്തിൽ എം.എ. കൃഷ്ണൻകുട്ടി, സന്തോഷ് വർഗീസ്, ശിവൻ കദളി, ബോബി ജോൺ, സി.എസ്. സുരേഷ്, വേലായുധൻ എന്നിവർ സംസാരിച്ചു.
ഈറോഡിന്റെ സമീപ പ്രദേശങ്ങളിലായി നിരവധി ക്രഷറുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ ടോറസ് പോലുള്ള നിരവധി ഭാരവാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. പൂർണമായി റീടാർ ചെയ്തിട്ട് കാലങ്ങളായതിനാൽ റോഡിന്റെ പല ഭാഗങ്ങളുംതകർന്ന അവസ്ഥയിലാണ്. റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനായി 7കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നതാണെങ്കിലും അനുമതി ലഭ്യമായിട്ടില്ല. അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കും.
പൊതുമരാമത്ത് വകുപ്പ്
അധികൃതർ
മറ്റ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണ്. അതിനാലാണ് കോടതി മുഖേന നിയമനടപടി സ്വീകരിക്കുവാൻ റെസിഡന്റ്സ് അസോസിയേഷൻ തീരുമാനിച്ചത്.
ശിവൻ കദളി, കൺവീനർ, വെങ്ങോല
സ്വാശ്രയ മലയാളി റെസി. അസോ.