കൊച്ചി: ലൈംഗികാതിക്രമത്തിലെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നടി കേസുമായി ബന്ധപ്പട്ട മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ സെഷൻസ് കോടതിയുടെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം ഇത്തരം ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിനാവശ്യമായ മാർഗരേഖയുമിറക്കിയിരുന്നു. ഈ മാർഗരേഖ കീഴ്ക്കോടതികൾക്ക് കൈമാറിയിരുന്നില്ല. അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർതന്നെ നൽകിയ ഉപഹർജി പരിഗണിച്ചപ്പോഴാണ് ആ നിർദേശങ്ങൾ അടിസ്ഥാനമാക്കി നിയമനിർമ്മാണം നടത്തുമെന്ന് വ്യക്തമാക്കിയത്.
കീഴ്ക്കോടതികൾക്ക് മാർഗനിർദേശം കൈമാറിയതായി ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചതോടെ ഉപഹർജി ജസ്റ്റിസ് കെ. ബാബു തീർപ്പാക്കി.
മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥർക്ക് കത്തയച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഫോറൻസിക് ലാബോറട്ടറികൾക്കും നിർദ്ദേശം നൽകി. നിയമം കൊണ്ടുവരാൻ ആഭ്യന്തര സെക്രട്ടറിയോടും നിർദ്ദേശിച്ചു.
അതേസമയം, കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന
നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കോടതി പിന്മാറി. ക്രമപ്രകാരം ഇന്ന് ഉചിതമായ ബെഞ്ചിൽ ഉൾപ്പെടുത്താനും നിർദ്ദേശിച്ചു.
ഹൈക്കോടതി മാർഗരേഖ
ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സ്വകാര്യതയും രഹസ്യസ്വഭാവവും മാനിച്ചു വേണം പിടിച്ചെടുക്കാനും സൂക്ഷിക്കാനും.
വിശദാംശങ്ങൾ നശിപ്പിക്കാനിടയാകരുത്. സ്വീകരിച്ച നടപടികൾ മഹസറിൽ എഴുതണം. പ്രത്യേകം പായ്ക്കറ്റിലാക്കി മുദ്രവച്ച് എല്ലാ നടപടികളും രേഖപ്പെടുത്തി സൂക്ഷിക്കണം.
പായ്ക്ക് ചെയ്തവരുടെയും കസ്റ്റഡിയിൽ സൂക്ഷിക്കാൻ അധികാരവുമുള്ളവരുടെയും പേരുവിവരങ്ങൾ എഴുതിവയ്‌ക്കണം. കോടതി ലോക്കറിൽ സൂക്ഷിക്കുകയും ആ സമയം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം.
കോടതിയുടെ കസ്റ്റഡിയിലിരിക്കേ ആരെങ്കിലും അനധികൃതമായി പരിശോധിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളാകും.