കൊച്ചി: ശ്രദ്ധക്കുറവും എടുത്തുചാട്ടവും പ്രധാന ലക്ഷണമുള്ള അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) അസുഖം തനിക്കുണ്ടെന്ന് സിനിമാതാരം ഫഹദ് ഫാസിലിന്റെ വെളിപ്പെടുത്തൽ. നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ടതാണ് എ.ഡി.എച്ച്.ഡി രോഗം. കോതമംഗലം പീസ് വാലിയിൽ ഭിന്നശേഷി കുട്ടികൾക്കായി നിർമ്മിച്ച ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫഹദ്.

കുട്ടിയായിരിക്കുമ്പോൾ എ.ഡി.എച്ച്.ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാനാകും. എന്നാൽ തന്റെ 41-ാം വയസിലാണ് അസുഖം തിരിച്ചറിഞ്ഞത്. ഇവിടെ വന്നപ്പോൾ പലവിധ പ്രശ്‌നങ്ങൾ നേരിടുന്നവരെ കണ്ടു. പീസ് വാലിയുടെ പ്രോജക്ട് കോ-ഓർഡിനേറ്റർ സാബിത്ത് ഉമറുമായി സംസാരിച്ചു. എ.ഡി.എച്ച്.ഡി അസുഖം മാറ്റാൻ എളുപ്പമാണോയെന്ന് ചോദിച്ചു. ചെറുപ്പത്തിൽ കണ്ടെത്തിയാൽ എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞെന്നും ഫഹദ് പറഞ്ഞു.

 മുതിർന്നവരിലെത്തുക അപൂർവം

കുട്ടികളിലും അപൂർവമായി മുതിർന്നവരിലുമുണ്ടാകുന്ന അസുഖമാണ് എ.ഡി.എച്ച്.ഡി. ഒരു കാര്യത്തിലും ശ്രദ്ധിക്കാതിരിക്കുക (ഇൻഅറ്റൻഷൻ), എടുത്തുചാട്ടം (ഇംപൾസിവിറ്റി), അമിതപ്രവൃത്തി (ഹൈപ്പർ ആക്ടിവിറ്റി) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഹൈപ്പർ ആക്ടിവിറ്റി കുട്ടിയായിരിക്കുമ്പോൾ ഉണ്ടാകുന്നതാണെങ്കിലും ചിലർ മുതിർന്നാലും അത് മാറില്ല.

മറവിയുണ്ടാകലും വൈകലും

1. മറവി

2. വൈകി വരൽ

3. ചിലകാര്യങ്ങൾക്ക് അമിത പ്രാധാന്യം
4. അലഞ്ഞു തിരിയുന്ന മനസ്
5. നിരാകരണങ്ങളിലെ അസ്വസ്ഥത

'കുട്ടികളിൽ കൂടുതലായും മുതിർന്നവരിൽ ചിലർക്കും കാണുന്ന നേരിയ തോതിലെ പെരുമാറ്റപ്രശ്‌നങ്ങളാണ് എ.ഡി.എച്ച്.ഡി. ഇതുമൂലം കുഴപ്പങ്ങളൊന്നുമില്ല. കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. ചെറുപ്പത്തിൽ കണ്ടെത്തിയാൽ പരിഹരിക്കാൻ കഴിയും".

- സാബിത്ത് ഉമർ, പീസ് വാലി പ്രോജക്ട് കോ-ഓർഡിനേറ്റർ