മട്ടാഞ്ചേരി: അശാസ്ത്രീയമായ കാനനിർമാണവും മഴക്കാലപൂർവ ശുചീകരണവും കൃത്യമായി നടക്കാത്തതുമൂലം പടിഞ്ഞാറൻ കൊച്ചി മേഖല വെള്ളക്കെട്ടിലായതായി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു. ഡ്രെയിനേജുകളുടെ മൗത്തുകൾ വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകി വിടാനുള്ള സൗകര്യം ഒരുക്കാതെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവില്ല. പലതവണ കൗൺസിലിൽ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും കൊച്ചി നഗരസഭ സ്വീകരിച്ചിട്ടില്ല. പണ്ടാരച്ചിറ തോട്, മാന്ത്ര കനാൽ, രാമേശ്വരം കനാൽ, കൽവത്തി കനാൽ, സൗത്ത് മൂലംകുഴി, പരിപ്പ് ജംഗ്ഷൻ, സാന്തോം കോളനി തുടങ്ങിയ കനാലുകളിലെ പായലുകൾ നീക്കാത്ത കാലംവരെ വെള്ളക്കെട്ടിന് പരിഹാരമാകില്ല. ജെറ്റിംഗ് മെഷീൻ വാങ്ങിയിട്ട് പോലും ഫോർട്ട് കൊച്ചി പ്രദേശത്ത് സക്ഷൻ കം ജെറ്റിംഗ് പമ്പുകൾ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. തീവ്ര മഴയ്ക്ക് സാദ്ധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ട് പോലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചില്ലെന്നും കോടികൾ മുടക്കിയിട്ട് പോലും വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ സാധിക്കാത്തത് നഗരസഭയുടെ വീഴ്ചയാണെന്നും ആന്റണി കുരീത്തറ ആരോപിച്ചു. മഴക്കാലം എത്തിയപ്പോഴാണ് കൽവെർട്ടുകൾ പണിയുന്നതെന്നും വെള്ളക്കെട്ടിന് കാരണം കൊച്ചി നഗരസഭയുടെ പിടിപ്പുകേടാണെന്നും വികസന കാഴ്ചപ്പാടില്ലാത്തവരാണ് ഇന്ന് കൊച്ചി നഗരസഭ ഭരിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാരും പറഞ്ഞു. പശ്ചിമ കൊച്ചിയിലെ പല വീടുകളിലും കടകളിലും വെള്ളം കയറി നാശ നഷ്ടമുണ്ടായിട്ടും മേയറോ സെക്രട്ടറിയോ ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഫോർട്ട് കൊച്ചി മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി കൊച്ചി നഗരസഭ സ്വീകരിക്കണമെന്ന് അഡ്വ. ആന്റണി കുരീത്തറയും കൗൺസിലർമാരായ ഷൈല തദേവോസ് കെ.എ. മനാഫ്, ബാസ്റ്റിൻ ബാബു, ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, ലൈലാ ദാസ് എന്നിവരും ആവശ്യപ്പെട്ടു.