1

തോപ്പുംപടി : സാന്തോം കോളനിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നാട്ടുകാർക്ക് തലവേദനയാകുന്നു. ആഴ്ചകളായി ഇവിടെ മാലിന്യങ്ങൾ കുന്നുകൂടി കിടന്നിട്ടും നഗരസഭ ഇത് നീക്കുവാൻ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മഴ ശക്തമായതോടെ മാലിന്യങ്ങൾ ഒഴുകി റോഡിലേക്കും മറ്റും എത്തുന്നത് വലിയ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപമാണ് പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ സാധാരണക്കാർ തിങ്ങി താമസിക്കുന്ന കോളനിയും സമീപത്ത് നാവിക സേന ക്വാർട്ടേഴ്സും കേന്ദ്രീയ വിദ്യാലയം, അംഗന വാടി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഈ വിഷയത്തിൽ നേരത്തേ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നടപടി എടുക്കാത്തതോടെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും നഗരസഭ ഹെൽത്ത് ഓഫിസറെ ഉപരോധിച്ചു. മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ തമ്പി സുബ്രഹ്മണ്യം, കെ.കെ കുഞ്ഞച്ചൻ, പി.പി. ജേക്കബ്, അവറാച്ചൻ എട്ടുങ്കൽ, സുമിത് ജോസഫ്, ജേക്കബ് പൊന്നൻ, ശോഭ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ ഉപരോധം. മാലിന്യം ഉടനെ നീക്കം ചെയ്യാം എന്ന ഹെൽത്ത് അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.