y
പാമ്പാടിത്താഴം കുഴുവേലിത്തിട്ട റോഡിൽ തള്ളിയ മാലിന്യം

തൃപ്പൂണിത്തുറ: നഗരസഭ എട്ടാം വാർഡിൽ പാമ്പാടിത്താഴം കോളനിയുടെ പടിഞ്ഞാറ് കുഴുവേലിത്തിട്ട റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നു. ഞായറാഴ്ച പാതിരാത്രി ഇവിടെ തള്ളിയ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള കടുത്ത ദുർഗന്ധം പരിസരവാസികളെ വീർപ്പുമുട്ടിക്കുകയാണ്. സമീപത്തുള്ള റെയിൽവേ ട്രാക്കിന്റെ പരിസരത്തെ പന്ത്രണ്ടോളം വീട്ടുകാർ താമസിക്കുന്ന കോളനിയിലേക്കുള്ള പണി പൂർത്തിയാവാത്ത റോഡിന്റെ താഴ്ന്ന പ്രദേശത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. റോഡ് ഉയർത്താൻ നഗരസഭയും ഇവിടെ കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിക്കാറുണ്ട്. ഇതിന്റെ മറവിലാണ് മാഫിയകൾ മാലിന്യം തള്ളുന്നത്. നഗരസഭാധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിൽ പരാതി നൽകണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ആവശ്യപ്പെട്ടു.