കാലടി: വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അവസാനവർഷ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തു. ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും കൃത്യമായ അളവും ഓരോ ദിവസവും ഉപയോഗിച്ച അളവും ബില്ലിംഗ് താരിഫിൽ ഉണ്ടാകാവുന്ന വ്യത്യാസങ്ങളും ആപ്പ് വഴി ഉപഭോക്താവിന്റെ ഫോണിലൂടെ അറിയാനാകും. അതുവഴി ഉപയോഗം നിയന്ത്രിച്ച് വലിയ ബില്ലിംഗുകളിൽനിന്ന് സംരക്ഷണം നേടാൻ ഉപഭോക്താവിന് സാധിക്കുന്നു.
നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയും സഹായത്തോടെ നിർമ്ച്ചമി ചാറ്റ്ബോട്ട് വഴി വൈദ്യുതിയുടെ ഉപയോഗരീതി മനസിലാക്കി വീടുകളിലേക്ക് പുതിയ ഉപകരണങ്ങൾ വാങ്ങിക്കുമ്പോൾ ഉണ്ടാകാവുന്ന വൈദ്യുതിബില്ലിലെ വ്യത്യാസങ്ങളും മുൻകൂട്ടി കാണാൻ സഹായിക്കുന്നു.
നിധിൻ ഷാജു, വൈശാഖ് പ്രദീപ്, സത്യജിത് എസ്, റോൺ ബിജു ജേക്കബ് എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫ. രേഷ്മ ലക്ഷ്മണൻ മാർഗനിർദ്ദേശങ്ങൾ നൽകി.