മൂവാറ്റുപുഴ: ഇഷ്ടമുള്ള പുസ്തകം സ്വന്തം വായനശാലയിൽ ഇല്ലെങ്കിൽ കേരളത്തിലെ ഏത് ഗ്രന്ഥശാലയിൽ ലഭിക്കുമെന്ന് അറിയുംവിധമുള്ള സേവനങ്ങൾ നൽകുന്നതിനും ലൈബ്രറി മാനേജ്മെന്റ് സംവിധാനം കൂടുതൽ ആധുനികവും ജനകീയവുമാക്കുന്നതിനും ഗ്രാമീണഗ്രന്ഥശാലയിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കുന്നു. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് മൂവാറ്റുപുഴ താലൂക്കിൽ തുടക്കമായി.
സോഫ്റ്റ്‌വെയർ പരിശിലനത്തിന്റെ പ്രാഥമികഘട്ടമെന്ന നിലയിൽ പായിപ്ര പഞ്ചായത്തിലേയും മൂവാറ്രുപുഴ നഗരസഭയിലേയും ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും പരിശീലനം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ കൗൺസിൽ ഓഫീസിൽ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറികൗൺസിൽ അംഗം ജോസ് കരിമ്പന നിർവഹിച്ചു. പായിപ്ര പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറിസി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, എക്സിക്യുട്ടീവ് അംഗം ബി.എൻ. ബിജി, ആർ. രാജീവ്, ടി.ആർ. ഷാജു എന്നിവർ സംസാരിച്ചു. ജയ്സൺ കക്കാട്, കെ.എം.മെഹലീസ് എന്നിവർ ക്ലാസെടുത്തു. കേരള സ്റ്റേറ്റ് ലൈബ്രറികൗൺസിൽ വികസിപ്പിച്ചെടുത്ത് പബ്ലിക് എന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം സംബന്ധിച്ചാണ് പരിശീലനം.