തൃപ്പൂണിത്തുറ: ഒന്നരവർഷം മുൻപ് പനക്കൽ കല്ലുവച്ചകാട് ദ്വീപ് നിവാസികൾക്ക് നഗരസഭ അനുവദിച്ച കടത്തുവള്ളം ഉപയോഗശൂന്യമായതിൽ ബി.ജെ.പി പ്രതിഷേധിച്ചു. നീറ്റിലിറക്കിയ അന്നുതന്നെ നിർമ്മാണത്തിലെ അപാകത മൂലം ഉപയോഗശൂന്യമായ വള്ളം കരയിൽ കയറ്റി വച്ചിരിക്കുകയാണ്. ദ്വീപിലെ ആറു കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമായി വള്ളം ഫൈബർ കോട്ട് ചെയ്ത് യാത്ര സൗകര്യം ഒരുക്കണമെന്ന് ബി.ജെ.പി തൃപ്പൂണിത്തുറ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ഏരിയ പ്രസിഡന്റ് പി.ആർ. ഡെയ്സൻ, ജനറൽ സെക്രട്ടറി വിപിൻ, നേതാക്കളായ ജെയ്ബി സജീവൻ, അലക്സ് ചാക്കോ, എ.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു. ദ്വീപ് നിവാസികളുടെയും പരിസര വാസികളുടെയും പരാതിയിൽ ഒപ്പ് ശേഖരണം നടത്തി നഗരസഭ ഓംബുഡ്സുമാനും സെക്രട്ടറിക്കും കൈമാറി. അടുത്ത 3 ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചു.