entrepreneurship-center
അടഞ്ഞുകി​ടക്കുന്ന ബിസിനസ് സെന്റർ

* നി​ർമ്മാണച്ചെലവ് 35ലക്ഷംരൂപ

* വി​സ്തീർണം 2000 ചതുരശ്രഅടി​

* ഉദ്ഘാടനം 2020 ഒക്ടോബർ 29

* ഓഫീസ് ഒരുക്കി​യത് 10 സംരംഭകർക്ക്

പറവൂർ: സംരംഭകർക്കായി പറവൂർ നഗരസഭ ഒരുക്കിയ ബിസിനസ് സെന്റർ ഉപയോഗിക്കാതെ നോക്കുകുത്തി​യായി​ക്കി​ടക്കുന്നു. ദേശീയനഗര ഉപജീവനമിഷന്റെ (എൻ.യു.എൽ.എം) ഫണ്ടും നഗരസഭ പദ്ധതി വിഹിതത്തിലെ തുകയും ഉൾപ്പെടെ 35ലക്ഷംരൂപ ഉപയോഗിച്ചാണ് രണ്ടായിരം ചതുരശ്രയടിയുള്ള ബിസിനസ് സെന്റർ നിർമ്മിച്ചത്. നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള നഗരസഭയുടെ കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാംനിലയിലാണ് ബിസിനസ് സെന്റർ. പ്രത്യേക കാമ്പിൻ, ഇന്റർനെറ്റ് സൗകര്യം, പ്രത്യേക വൈദ്യുത സംവിധാനം, ഫ്രണ്ട് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, ടോയ‌്ലെറ്റുകൾ എന്നിവയാണ് നിർമ്മിച്ചത്. കുടുംബശ്രീ ഉത്പന്നങ്ങൾ വില്ക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള സൗകര്യവും ലക്ഷ്യമിട്ടിരുന്നു.

* വി​ല്ലനായി​ കൊവി​ഡും

കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്തതി​നാൽ ഒരു വർഷത്തോളം വാടകയ്ക്ക് കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുടങ്ങി. പിന്നീട് പലതവണ ലേലം നടത്തിയെങ്കിലും ഒരു സംരംഭകൻപോലും ബിസിനസ് സെന്റർ എടുക്കാനെത്തിയില്ല. പിന്നീടുള്ള ലേലങ്ങളിലൊന്നും ബിസിനസ് സെന്ററിന്റെ ലേലനടപടികളും ഉണ്ടായിട്ടില്ല. വർഷങ്ങളായി ബിസിനസ് സെന്റർ തുറന്നുപോലും നോക്കിയി​ട്ടില്ല. ബിസിനസ് സെന്ററിലേക്ക് കയറുന്ന സ്ഥലത്ത് മാലിന്യനി​ക്ഷേപമാണ്.

പദ്ധതി പാളിയത്

# മൂന്നാം നിലയിൽ സ്ഥാപിച്ചെങ്കി​ലും ലിഫ്റ്റ് സംവിധാനമില്ല.

# സംരംഭക പ്രോത്സാഹത്തിനുള്ള പദ്ധതികൾ നഗരസഭ തയ്യാറാക്കുന്നി​ല്ല.

# വാടകയും ഡിപ്പോസിറ്റും പുതുക്കി നിശ്ചയിച്ചു.

# പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചതെല്ലാം ജലരേഖയായി​

സംരംഭകരുടെ പ്രധാനപ്രശ്നം മൂന്നാം നിലയിലേക്ക് ലിഫ്റ്റ് ഇല്ലാത്തതാണ്. ഇതിനായി രണ്ട് തവണ പദ്ധതി തയ്യാറാക്കി. സംസ്ഥാനവിഹിതം ലഭിക്കാത്തതിനാൽ പദ്ധതി മുടങ്ങി. ബിസിനസ് സെന്റർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല

ബീന ശശിധരൻ

നഗരസഭ ചെയർപേഴ്സൺ

ബിസിനസ് സെന്റർ നിർമ്മിക്കുന്നതിന് മുമ്പ് കാര്യമായ ആലോചന നടത്തിയില്ല. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയാണ് സെന്റർ നിർമ്മിച്ചത്. ജനങ്ങളുടെ 35ലക്ഷം രൂപ നശിപ്പിച്ചു

പ്രതിപക്ഷ കൗൺ​സി​ലർമാർ