മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡായ ആസാദ് റോഡിലൂടെയുള്ള യാത്ര മഴ ആരംഭിച്ചപ്പോഴേ ദുഷ്കരമായി. തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്നറോഡ് നവീകരിക്കാൻ എം.എൽ.എയുടെ വികസനഫണ്ടിൽപ്പെടുത്തി തുക അനുവദിച്ചിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.
കീച്ചേരിപ്പടിയിൽ നിന്നാരംഭിച്ച് പായിപ്ര പഞ്ചായത്തിലെ മുളവൂർ പി.ഒ ജംഗ്ഷനിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന റോഡ് മൂവാറ്റുപുഴ നഗരസഭ 4, 5, 8 വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. നഗരസഭ പ്രദേശത്തെ രണ്ടു കിലോമീറ്റർ ദൂരത്തെ നിർമ്മാണത്തിനാണ് തുക അനുവദിച്ചത്. പായിപ്ര പഞ്ചായത്തിലൂടെ കടന്നുപോകുന്ന മൂന്ന് കിലോമീറ്റർ ദൂരം ബി.എം ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയായി.
അനുവദിച്ചത് 5കോടി രൂപ
നവീകരിക്കേണ്ട റോഡുകൾ
* ആസാദ് റോഡ്
* ആശ്രമംകുന്ന് റോഡ്
* വെള്ളൂർക്കുന്നം- പുളിഞ്ചുവട് റോഡ്
* കാവുംകര മാർക്കറ്റ് റോഡ്.
ഇ. ഇ.സി മാർക്കറ്റ് - പുളിഞ്ചോട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുത്തു നൽകാത്തതിനാൽ എല്ലാറോഡുകളുടെയും നവീകരണം മുടങ്ങുകയായിരുന്നു. ആദ്യം സ്ഥലം വിട്ടു നൽകാൻ തയ്യാറായ സ്ഥലമുടമകൾ പിന്നീട് ഇതിൽനിന്ന് പിൻമാറുകയായിരുന്നു. ഫണ്ട് അനുവദിച്ച് വർഷം കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റോഡ് ഉള്ള വീതിയിൽത്തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചങ്കിലും തുടർനടപടി ഉണ്ടായില്ല.
കീച്ചേരിപ്പടിമുതൽ നഗരസഭ അതിർത്തിയായ കെ.എം എൽ.പി.എസിന് സമീപംവരെയുള്ള ഭാഗത്തെ നവീകരണം പൂർത്തിയാക്കി യാത്രക്കാരുടേയും പ്രദേശവാസികളുടേയും പരാതി പരിഹരിക്കണം
എം.എ. യൂനസ്
പ്രദേശവാസി