hibi
വിവിധ പദ്ധതികളിൽ സി.എസ്.എം.എല്ലിന് അലംഭാവമെന്ന് ആരോപിച്ച് എറണാകുളം നോർത്ത്, സൗത്ത്, വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: മന്ത്രിമാർക്ക് നാടിന്റെ വികസനത്തേക്കാൾ വലുത് മറ്റു പലതുമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. കൊച്ചിയുടെ മുഖച്ഛായ മാറ്റേണ്ട സ്മാർട്ട് സിറ്റി പദ്ധതിയോട് തികഞ്ഞ അലംഭാവമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും കൊച്ചി നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രമാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെത്തുന്നത്. കൃത്യമായ വിലയിരുത്തലുകൾക്ക് മന്ത്രിക്ക് സമയമില്ല. മന്ത്രി ഡ്രൈ ഡേ മാറ്റാനുള്ള നെട്ടോട്ടത്തിനിടയിലാണെന്നും ഹൈബി പറഞ്ഞു.

വിവിധ പദ്ധതികളില്‌ സി.എസ്.എം.എല്ലിന് അലംഭാവമെന്ന് ആരോപിച്ച് എറണാകുളം നോർത്ത്, സൗത്ത്, വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി.

ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ, കൊച്ചി നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് ആന്റണി കുരീത്തറ, സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിൽ, അഡ്വ.വി.കെ. മിനിമോൾ, ആന്റണി പൈനുതറ ബ്ലോക്ക് പ്രസിഡന്റുമാരായ വിജു ചൂളക്കൻ, സനൽ നെടിയതറ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.