കൊച്ചി: പ്ളസ് ടു ക്ളാസ് ജൂൺ മൂന്നിന് തുടങ്ങാനിരിക്കെ, കേസിൽ കുടുങ്ങിയ ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റം വിദ്യാർത്ഥികളെ ആശങ്കയിലാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന ഹർജിയിലെ തീരുമാനം നിർണായകമാകും.
2024 ഫെബ്രുവരി 16നാണ് എണ്ണായിരത്തോളം അദ്ധ്യാപകരുൾപ്പെട്ട സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധീകരിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഒരുകൂട്ടം അദ്ധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ച് ഫെബ്രുവരി 21ന് സ്റ്റേ വാങ്ങി. ഇതിനു പിന്നാലെ, പട്ടികയിലുൾപ്പെട്ട ചില അദ്ധ്യാപകർ സ്ഥലംമാറ്റത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ട്രൈബ്യൂണലിന്റെ സ്റ്റേ ജൂൺ മൂന്നു വരെ സ്ഥലംമാറ്റ നടപടികളെ ബാധിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. എന്നിട്ടും അനിശ്ചിതത്വമാണ്.
സ്ഥലംമാറ്റ ഉത്തരവ് പ്രകാരം വിടുതൽ നേടിയവർക്ക് പുതിയ സ്‌കൂളുകളിൽ ചേരാനും, . നിലിവിലുള്ളവർക്ക് വിടുതൽ നേടാനും കഴിയുന്നില്ല. ഇതുമൂലം പല വിദ്യാലയങ്ങളിലും ഒരേ തസ്തികയിൽ രണ്ടു പേരായി. മാറിയവർക്ക് പകരം പുതിയ ആൾ എത്താത്തിടത്ത് അദ്ധ്യാപകരില്ല..
ശമ്പളത്തിലും
അനിശ്ചിതത്വം
തീരുമാനം വൈകുന്നതിനാൽ അദ്ധ്യാപകരുടെ ശമ്പളം തടസപ്പെടുന്നു. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ സ്ഥലം മാറ്റം ലഭിച്ച സ്കൂളിലേക്ക് പേര് മാറ്റിയിട്ടില്ല. ഇതുകാരണം പഴയ സ്കൂളിൽ നിന്നാണ് ശമ്പളം നൽകുന്നത്. ഇതിന് പ്രത്യേക ഉത്തരവിറക്കുകയാണ്
പകുതിയിലേറെപ്പേർക്കും അന്യജില്ലകളിലേക്കാണ് മാറ്റം. താമസം, മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങിയവയും അനിശ്ചിതത്വത്തിലായി. എവിടെ ജോലിക്കെത്തണമെന്ന് പോലും വ്യക്തമല്ലെന്ന് അദ്ധ്യാപകർ പറയുന്നു
'' . അദ്ധ്യാപകരില്ലാതെ സ്കൂളുകളുടെ പ്രവർത്തനം തടസപ്പെടരുത്. പ്ലസ് വൺ ക്ളാസ് ജൂൺ 24നും തുടങ്ങുകയാണ്.
-കെ. വെങ്കിടമൂർത്തി,
സംസ്ഥാന പ്രസിഡന്റ്,
എച്ച്.എസ്.എസ് ടീച്ചേഴ്സ് അസോ.
താത്കാലിക അദ്ധ്യാപക
നിയമനത്തിനെതിരെ
ഹൈക്കോടതിയിൽ ഹർജി
കൊച്ചി: സംവരണം അട്ടിമറിച്ച് പൊതുവിദ്യാലയങ്ങളിൽ ആയിരക്കണക്കിന് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പട്ടികവിഭാഗം ഉദ്യോഗാർത്ഥികളോട് കടുത്ത അനീതിയാണ് നടക്കുന്നതെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ച് നോർത്ത് പറവൂർ സ്വദേശി എ. ശശിധരൻ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.