കൊച്ചി: കൊച്ചിയെയും സമീപപ്രദേശങ്ങളെയും 'വെള്ളക്കെട്ടിൽ മുക്കിയ' മേഘവിസ്ഫോടനത്തിന് കാരണം തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴിയും അറബിക്കടലിൽ നിന്നുള്ള നീരാവിക്കാറ്റും. പ്രീ മൺസൂണിലാണ് നിലവിൽ കേരളം. ഈ കാലാവസ്ഥയിൽ മേഘവിസ്ഫോടനം വിരളമാണ്. എന്നാൽ 'ഡബിൾ അറ്റാക്ക്' മേഘവിസ്ഫോടനത്തിന് ആക്കം കൂട്ടി. മേഘവിസ്ഫോടനത്തിന്റെ തീവ്രത കളമശേരി നേരിട്ടറിഞ്ഞു. 157 മില്ലി മീറ്റർ വരെയാണ് ഇവിടെ മഴപെയ്തത്. കുസാറ്റ് റാഡാർ കേന്ദ്രത്തിലെ മഴ മാപിനിയിൽ ഒരു മണിക്കൂറിൽ 103 മില്ലി മീറ്റർ മഴ ലഭിച്ചതോടെയാണ് മേഘവിസ്ഫോടനം ഉറപ്പിച്ചത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 95മില്ലി മീറ്റർ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇന്നും നാളെയും പെരുമഴ തന്നെയാണ് പ്രവചനം. മേഘവിസ്ഫോടനത്തിന് സാദ്ധ്യത കുറവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൊച്ചിയുടെ തലയ്ക്ക് മീതെ ഏതാനും ദിവസങ്ങളായി കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. തമിഴ്നാട് തീരത്ത് കഴിഞ്ഞദിവസം ചക്രവാതച്ചുഴി രൂപം കൊണ്ടത് കൂമ്പാരമേഘങ്ങളുടെ വ്യാപ്തി വലുതാക്കി. റിമാൽ ചുഴലിയുടെ അനന്തരഫലമായി അറബിക്കടലിൽ നിന്ന് കൊച്ചിതീരത്തേയ്ക്ക് എത്തിക്കൊണ്ടിരുന്ന നീരാവിക്കാറ്റിന്റെ കൂടിച്ചേരൽ കൂടിയായപ്പോൾ മഴ മണിക്കൂറോളം നീണ്ടു.
നിശ്ചിത പ്രദേശത്ത് കുറഞ്ഞ സമയത്തിനകം ഉണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം.
മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ മേഘവിസ്ഫോടനം
നിമിഷങ്ങൾക്കകം വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് എന്നിവയുണ്ടാവാം.
ഏറിയാൽ 15 മിനിട്ട് മാത്രമേ മേഘവിസ്ഫോടനം നിലനിൽക്കാറുള്ളൂ.
ഉയർന്ന പ്രദേശങ്ങളിലാണ് സാദ്ധ്യത കൂടുതൽ.
10 മുതൽ 14 കിലോമീറ്റർ വരെ വിസ്തൃതിയിൽ മേഘങ്ങൾ ഒത്തു ചേർന്ന് മഴയായി പെയ്തൊഴിയുന്നത് വിസ്ഫോടനങ്ങൾക്ക് വഴിവയ്ക്കുന്നു.