ആലുവ: പെരുമ്പാവൂർ റോഡും കീഴ്മാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള റോഡുകളും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ കീഴ്മാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. എൽദോസ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. അസ്ലം, ലൈസ സെബാസ്റ്റ്യൻ, ചെന്താരാ അബു, എം.എ.കെ. നജീബ്, റസീല ശിഹാബ്, സതീശൻ കുഴികാറ്റുമാലി, ബെന്നി മാത്യു, വി.എ. മുസ്തഫ, കെ.പി. ജോർജ്, സിനിജ സുധാകരൻ, ശിഹാബ് ചൊവ്വര തുടങ്ങിയവർ നേതൃത്വം നൽകി.
ജലജീവൻ പദ്ധതിക്കായി റോഡിന്റെ ഇരുവശവും കുഴിച്ച് പൈപ്പിടൽ പണിപൂർത്തിയായിട്ടും റോഡ് ടാറിംഗ് നടത്താത്തതിനാൽ കാൽനട യാത്രപോലും ദുസ്സഹമാണ്. ഭാരമേറിയ വാഹനങ്ങൾ റോഡിൽ പുതഞ്ഞുപോകുന്നത് പതിവ് കാഴ്ചയാണ്.
വാട്ടർ അതോറിട്ടി പണി പൂർത്തീകരിച്ച് റോഡ് കൈമാറിയില്ലെന്നാണ് പി.ഡബ്ല്യു.ഡി പറയുന്നത്. അറ്റകുറ്റപ്പണിക്കുള്ള പണം പി.ഡബ്ല്യു.ഡിക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും നിർമ്മാണം കഴിഞ്ഞ ഭാഗത്ത് ടാറിംഗ് നടത്തേണ്ടത് പി.ഡബ്ല്യു.ഡിയുടെ ഉത്തരവാദിത്വമാണെന്നും വാട്ടർ അതോറിട്ടി അധികൃതരും പറയുന്നു.