ചോറ്റാനിക്കര: തെരുവിൽ അലയുന്നവരെയും അനാഥരെയും ജയിൽപ്പുള്ളികളെയുമെല്ലാം വർണ്ണങ്ങളുടെ ലോകത്ത് കൈപിടിച്ച് നടത്തുമ്പോൾ പള്ളുരുത്തി സ്വദേശി ആർ.കെ ചന്ദ്രബാബു ലക്ഷ്യം വയ്ക്കുന്നത് ചിത്രരചനയുടെ ഉന്നതി മാത്രമല്ല, ഇവരുടെ ഉന്നമനം കൂടിയാണ്. സ്കൂട്ടറിൽ ചായവും കാൻവാസുമായി വൃദ്ധസദനങ്ങളിലും സ്പെഷ്യൽ സ്കൂളുകളിലും തെരുവോരങ്ങളിലുമെല്ലാം എത്തി ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുകയാണ് ചന്ദ്രബാബു. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ അദ്ധ്യാപകനായ ചന്ദ്രബാബു അദ്ധ്യാപന രംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ലക്ഷ്യം വച്ച 25 സൗജന്യ ക്യാമ്പുകൾ പൂർത്തിയാക്കുകയാണ്. ഇരുപത്തിയഞ്ചാമത്തെ ക്യാമ്പ് ജൂൺ ഒന്നിന് പള്ളുരുത്തി സ്നേഹ ഭവനിൽ നടക്കും. തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ അഞ്ചുവർഷത്തെ ബിരുദം നേടിയാണ് പാലാ രാമചന്ദ്ര മന്ദിരത്തിൽ കേശവൻ നായരുടെയും തങ്കമ്മയുടെയും മകനായ ചന്ദ്രബാബു അദ്ധ്യാപനരംഗത്തേക്കിറങ്ങിയത്. ഭാര്യ: അനിത, മകൾ: ശിവാനി.
ചിത്രകല സാന്ത്വനമാകുമ്പോൾ
25 വർഷത്തെ അദ്ധ്യാപനത്തിൽ നിന്നു ലഭിച്ച ശമ്പളത്തിൽ അധിക പങ്കും ചെലവാക്കിയത് ചിത്രകലയ്ക്കും അശരണർക്കും വേണ്ടി. ശമ്പളം കിട്ടുമ്പോൾ പേപ്പറും പെൻസിലും ക്രയോൺസും കളറും വാട്ടർ കളറുമെല്ലാം വാങ്ങും. ഇവയുമായി വിവിധ സ്ഥാപനങ്ങളിലെത്തി സൗജന്യമായി ക്ളാസെടുക്കും. അവർ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റ് പണമുണ്ടാക്കാൻ സഹായിക്കും. ചിത്രകലയിലൂടെ വരുമാനമുണ്ടാക്കാനുള്ള വഴിയും കാട്ടിക്കൊടുക്കും. തന്റെ ചിത്രരചനകൾ വിറ്റുകിട്ടുന്ന പണവും ചന്ദ്രബാബു നൽകുന്നത് പാവപ്പെട്ടവർക്കാണ്. രണ്ട് പേർക്ക് സൗജന്യമായി വീടുവച്ചു നൽകി.
കൊവിഡ് കാലത്ത് ആയിരത്തിലധികം കുട്ടികൾക്ക് സൗജന്യമായി ഓൺലൈൻ ക്ലാസ് നടത്തി. പ്രളയകാലത്ത് കുട്ടികൾക്കായി ടെന്റുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ അടുത്തെത്തുന്ന കുട്ടികളെയും വര പഠിപ്പിക്കും ഈ 53കാരൻ. അവധിക്കാലം മുഴുവൻ യാത്രകളിലായിരിക്കും. ചിത്രകലാദ്ധ്യാപകൻ മാത്രമല്ല ശില്പിയും എഴുത്തുകാരനും കൂടിയാണ് ചന്ദ്രബാബു. ലഹരിക്കെതിരെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയകൾക്കെതിരെയും ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രരചനയുമായി ബന്ധപ്പെട്ട് ഒറ്റയാൾ മൊഴി, നൂറ് കറുത്ത കല്ലുകൾ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലയാള പുരസ്കാരം(2018), മാതൃക അദ്ധ്യാപക പുരസ്കാരം(2022), അശാന്തം പുരസ്കാരം എന്നീ അവാർഡുകളും നേടിയിട്ടുണ്ട്.