avard
സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം 2024 പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ.എം. ഷാജിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു. അഡ്വ. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഐ.ബി. സതീഷ് എം.എൽ.എ സ്നേഹാദരവ് സമർപ്പിച്ചു.

ആരോഗ്യ - ചികിത്സാ - വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിലെ സമഗ്ര ഇടപെടലുകളാണ് ഷാജിയെ അവാർഡിന് അർഹനാക്കിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാംവാർഡ് അംഗമായ ഷാജി തനിക്ക് ലഭിച്ച ഓണറേറിയം വാർഡിലെ നിർദ്ധനരായ രോഗികൾക്കാണ് നൽകുന്നത്. വീട് നിർമ്മാണപ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, വിദ്യാഭ്യാസ അവാർഡ് സമർപ്പണം, ധനസഹായ വിതരണം, ലൈബ്രറി നവീകരണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.

സി.കെ. ആശ എം.എൽ.എ, ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തെഫാനോസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.