മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പുളിഞ്ചുവട് ജംഗ്ഷനിൽ അടിയന്തരമായി റോഡ് നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. കവലയിൽ 800മീറ്റർദൂരം റോഡിലെ ടൈൽ ഇളകിയതിനാൽ അപകടങ്ങൾ പതിവാണ്. 2018ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ അനുവദിച്ചാണ് റോഡ് നവീകരിച്ചത്. മത്സ്യമാർക്കറ്റിന് സമീപം ടാറിംഗ് പലതവണ ചെയ്തപ്പോഴും റോഡ് പൊളിഞ്ഞ് പോകുന്ന സാഹചര്യം കണക്കാക്കിയാണ് 800 മീറ്റർ ടൈൽ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയത്. 6 വർഷത്തിനിടെ അറ്റകുറ്റപ്പണിയൊന്നും ചെയ്യാത്തതിനെത്തുടർന്നാണ് റോഡ് സഞ്ചാരയോഗ്യമല്ലാതായത്. ഇരുചക്രവാഹന യാത്രക്കാർ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യമാണുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ മെയിന്റനൻസ് വിഭാഗം അടിയന്തര ശ്രദ്ധനൽകി റോഡ് നന്നാക്കണം. രണ്ടുമാസംമുമ്പ് കെ.എസ്.ടി.പി ചീഫ് എൻജിനിയർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. ഇതുസംബന്ധിച്ച് എൽദോ എബ്രഹാം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകി.