harisree-jayaraj
ജെ.സി ഡാനിയേൽ അവാർഡ് മുൻ മന്ത്രി കടകംപ്പിള്ളി സുരേന്ദ്രൻ എം.എൽ.എയിൽ നിന്നും ഹരിശ്രീ ജയരാജ് ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

ആലുവ: മൂന്ന് പതിറ്റാണ്ടിലേറെ സംഗീതത്തെ നെഞ്ചേറ്റിയ ഹരിശ്രീ ജയരാജിന്റെ മധുരഗാനങ്ങൾ ശ്രോതാക്കളുടെ കാതുകളിൽ മുഴുങ്ങുമെങ്കിലും വേദികളിലെ പുഞ്ചിക്കുന്ന മുഖം ഇനി ഓർമ്മകളിൽ മാത്രമാകും.

ഇന്നലെ പുലർച്ചെ മനയ്ക്കപ്പടിയിലെ വസതിയിൽവച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് ഹരിശ്രീ ജയരാജിന്റെ അപ്രതീക്ഷിത വിയോഗം. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ഗാനം ആലപിച്ച ഹരിശ്രീ ജയരാജ് ആലുവയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു.

'കുടുംബശ്രീ ട്രാവത്സ്' എന്ന ചിത്രത്തിൽ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവർക്കൊപ്പം 'തപ്പും തകിലടി.....' എന്ന ഗാനമാലപിച്ചാണ് ചലചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. മോഹൻ സിത്താര സംഗീതമൊരുക്കിയ 'ലാസ്റ്റ് ബെഞ്ച്' എന്ന ചിത്രത്തിൽ 'അടയുകില്ലേ .....' എന്ന സോളോഗാനവും ആലപിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സിജു തുറവൂർ, സി.വി. ഹരീന്ദ്രൻ എന്നിവരുടെ രചനയിൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ നൂറോളം മൊഴിമാറ്റ ചിത്രങ്ങളിലും പാടി. കലാഭവൻ, ഹരിശ്രീ തുടങ്ങി വിവിധ ഗാനമേള ട്രൂപ്പുകളിലുമായി പതിനായിരത്തിലേറെ വേദിയിൽ പാടിയിട്ടുണ്ട്. ദുബായ്, അമേരിക്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് ആർട്ടിസ്റ്റാണ്. ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങളിലും നാടകങ്ങളിലും പാടുകയും സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു. ഹാസ്യരചയിതാവ് തോമസ് തോപ്പിൽകുടിയുടെ നിരവധി പാരഡി ഗാനങ്ങൾക്കും ശബ്ദംനൽകി. കൊച്ചിൻ മ്യൂസിക് സ്റ്റാർസ് എന്ന പേരിൽ ഗാനമേള, മെഗാഷോ തുടങ്ങിയ പോഗ്രാമുകളും ചെയ്തിരുന്നു. മ്യൂസിക് സ്റ്റാർസ് സ്‌കൂൾ ഒഫ് ആർട്സിന്റെ സാരഥിയാണ്.

സംഗീത മേഖലയിലെ സമഗ്രസംഭാവനയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26നാണ് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്. മണപ്പുറത്ത് നടന്ന ദൃശ്യോത്സവത്തിൽ നഗരസഭയും അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയും കഴിഞ്ഞ 25ന് ജയരാജിനെ ആദരിച്ചിരുന്നു. ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചപ്പോൾ ഫെബ്രുവരി 21ന് 'കേരളകൗമുദി'യും ജയരാജിനെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.