മട്ടാഞ്ചേരി: മാലിന്യ നീക്കം ഒരുമാസമായി മുടങ്ങിയതിനെത്തുടർന്ന് പടിഞ്ഞാറൻ കൊച്ചിയിൽ പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു. വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുമാണ് നീക്കം ചെയ്യാത്തത്. നഗരസഭയുടെ ഫോർട്ട് കൊച്ചി സോണൽ ഓഫീസ് പരിസരത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കാതെ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയിലാണ്.
പശ്ചിമ കൊച്ചിയിൽ നിന്നും മാലിന്യം നീക്കുന്ന ലോറി കരാറുകാരൻ പിന്മാറിയതാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കൊച്ചി നഗരസഭ നാളിതുവരെ യാതൊരു മുൻകൈയും എടുക്കാതെ നോക്കുകുത്തിയായി നിൽക്കുന്ന അവസ്ഥയാണെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് നഗരസഭയും സർക്കാരും ആവശ്യപ്പെടുമ്പോൾ കൊച്ചി നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്ക് പിന്നിലാണെന്നും ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ രോഗവ്യാപന സാധ്യത ഏറെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അധികൃതർക്ക് അമാന്തം
അടിയന്തരമായി ഫോർട്ട് കൊച്ചി സോണൽ ഓഫിസ് പരിസരത്ത് നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ മറ്റൊരു ബ്രഹ്മപുരം ദുരന്തം ആവർത്തിക്കപ്പെടും.കൊച്ചി നഗരസഭ മേയർ, സെക്രട്ടറി, ഹെൽത്ത് ഓഫീസർ എന്നിവരോട് പലതവണ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
..............................
ഫോർട്ട് കൊച്ചി സോണൽ ഓഫീസ്, മട്ടാഞ്ചേരി ടൗൺ ഹാൾ മൂലംകുഴി സാന്തോം കോളനി എം കെ രാഘവൻ ലൈബ്രറിക്ക് മുൻവശം പനപ്പള്ളി മാനാശേരി സോണൽ ഓഫീസ്, മട്ടാഞ്ചേരി കോമ്പാറ മുക്ക് എന്നീ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണം.
അഡ്വ. ആന്റണി കുരീത്തറ, നഗരസഭ പ്രതിപക്ഷ നേതാവ്