crime

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ പിന്മാറി. കാരണം വ്യക്തമാക്കിയിട്ടില്ല. ഹർജി അടുത്ത ദിവസം ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ പരിഗണനയ്ക്കെത്തും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉപഹർജിയിൽ തിങ്കളാഴ്ച വാദംകേട്ട ജസ്റ്റിസ് കെ.ബാബുവും പ്രധാന ഹ‌ർജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

വിഷയം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അതിജീവിതയാണ് ഹർജി നൽകിയത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകമാകുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൊലീസിന്റെയോ വിദഗ്ദ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.