കൊച്ചി: മൂന്നാർ പ്രദേശത്തെ ഭൂമി കൈയേറ്റങ്ങളിൽ പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടി വൈകുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അന്വേഷണം സി.ബി.ഐക്ക് വിടേണ്ടി വരുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കോടതിയിൽ സർക്കാർ പരാജയപ്പെട്ട ഭൂമി കൈയേറ്റക്കേസുകളുടെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ച കോടതി, വിഷയം ഇന്ന് വീണ്ടും പരിഗണിക്കും. ഇതടക്കം പരിശോധിച്ചായിരിക്കും സി.ബി.ഐ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തീരുമാനങ്ങൾ.

മൂന്നാർ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആധാരമുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസുകളില്ലെന്നും കോടതി വിമർശിച്ചു.
പല കേസുകളിലും അന്തിമ റിപ്പോർട്ട് നൽകാൻ വർഷങ്ങളുടെ താമസമുണ്ടായി. കേസുകൾ കോടതികളിൽ തോറ്റപ്പോൾ അപ്പീൽ നൽകിയില്ല. കൈയേറ്റക്കേസുകളിലെ പ്രധാന പ്രതിയെന്ന് പറയുന്നവർക്കെതിരെ പോലും ശക്തമായ നടപടിയുണ്ടായില്ല. കേസിൽ പങ്കുള്ള ഉദ്യോഗസ്ഥർ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്ന് അന്വേഷിച്ചില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യം കണ്ടെത്താനാകില്ലെന്നും സി.ബി.ഐക്ക് വിടേണ്ടിവരുമെന്നുമാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്.

മൂന്നാർ മേഖലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടയടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.