ആലുവ: രാത്രിയുടെ മറവിൽ വഴിയരികിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ആരോഗ്യവിഭാഗം, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ആവശ്യപ്പെട്ടു.

ഗുണ്ടകളുടെ സഹായത്തോടെ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നത് തടയാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊലീസിലെ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടെന്നും ആരോപണമുയർന്നു.

ദേശീയപാത, പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ കീഴിലുള്ള കാനകളിൽ ചെളിയും മാലിന്യവും കെട്ടിക്കിടക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു. അതിനാൽ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കും. ചെങ്ങൽത്തോടിന്റെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സിയാലിനോട് യോഗം ആവശ്യപ്പെട്ടു.

ആലുവ മുനിസിപ്പാൽ ചെയർമാൻ എം.ഒ ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഷംസുദ്ദീൻ, എ.വി. സുനിൽ, ജയാ മുരളീധരൻ, സതി ലാലു, ഡി.എം.ഒ ഡോ. സക്കീന, അഡീ. ഡി.എം.ഒ ഡോ. കെ.കെ. ആശ, കെ. സവിത, ഇറിഗേഷൻ അസി. എക്‌സി.എൻജിനിയർ പ്രവീൺലാൽ, ജനപ്രതിനിധികളായ സൈജി ജോളി, ബാബു പുത്തനങ്ങാടി, സി.എസ്. അസീസ്, സിന്ധു പാറപ്പുറം, സിമി ടിജോ, സ്‌നേഹ മോഹൻ, ശോഭ ഭരതൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.