ഫോർട്ട് കൊച്ചി: കനത്ത കാറ്റിലും മഴയിലും ഫോർട്ട് കൊച്ചിയിൽ കൂറ്റൻ മരം കടപുഴകി കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വീണു. ഇന്നലെ രാവിലെ ഒമ്പതേ മുക്കാലോടെയാണ് സംഭവം. ഫോർട്ട്കൊച്ചി സ്റ്റേഷന് സമീപമാണ് സംഭവം.കൂത്താട്ടുകുളം - ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ വീട്ട് വളപ്പിൽ നിന്ന നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ മരം വീണത്. അവസാന സ്റ്റോപ്പായതിനാൽ സംഭവ സമയത്ത് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പുറമേ ഏഴ് യാത്രക്കാർ മാത്രമാണുണ്ടായത്. സംഭവത്തിൽ യാത്രക്കാരിയായ ഫോർട്ട്കൊച്ചി ആർ.ഡി.ഓഫീസിലെ ജീവനക്കാരി ആതിരയുടെ കൈക്ക് പരിക്കേറ്റു. ബസ് നിർത്തിയിരുന്ന സമയത്താണ് മരം വീണത്. ഓടി കൊണ്ടിരിക്കുന്ന സാഹചര്യമാണെങ്കിൽ അത് വലിയ ദുരന്തത്തിന് വഴി വെച്ചേനേ. സംഭവത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മരം വീണ് സമീപത്തെ കെട്ടിടത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. നഗരസഭയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മരം നീക്കം ചെയ്യുകയായിരുന്നു.