തോപ്പുംപടി: ഇന്നലെ രാവിലെ പെയ്ത മഴ തീരദേശ കൊച്ചിക്ക് ദുരിത പെയ്ത്തായി. പ്രദേശത്താകമാനം വെള്ളക്കെട്ടുണ്ടായി.റോഡും തോടും കാനയും തിരിച്ചറിയാനാകാതായതോടെ വാഹന ഗതാഗതവും സ്തംഭിച്ചു. വെള്ള ക്കെട്ടിലകപ്പെട്ട് ഇരുചക്ര,മുച്ചക്ര വാഹനങ്ങൾ തകരാറിലായി. വലിയ വാഹനങ്ങളും വെള്ളക്കെട്ട് മൂലം സർവീസ് നിയന്ത്രണമേർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫോർട്ടു കൊച്ചി മട്ടാഞ്ചേരി മേഖലകളിലും കുമ്പളങ്ങി ,ചെല്ലാനം, കണ്ണമാലി പഞ്ചായത്തുമേഖകളിലും രൂക്ഷമായ വെള്ളക്കെട്ട് വിനോദ സഞ്ചാരികളെയും ബാധിച്ചു.
ചില മേഖലകളിലുണ്ടായ വെള്ളക്കെട്ടിൽ ഹോം സ്റ്റേകളി ലും വെള്ളം കയറി.
മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും വെള്ളക്കെട്ട് രുക്ഷമാണ്. ഫോർട്ടുകൊച്ചി പട്ടാളം ,രാമേശ്വ രം കോളനി, ഫിഷർമെൻ കോളനി, മുണ്ടംവേലി ,സാന്തോം കോളനി തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 200ൽ ഏറെ വീടുകളിൽ വെള്ളം കയറി. മട്ടാഞ്ചേരി ബസാറിൽ,കടകളിലും, ഏതാനും ഗോഡൗണിലും വെള്ളം കയറി .വെള്ളക്കെട്ട് മൂലം മാലിന്യനീക്കം ത ടസപ്പെട്ടു.വഴിയോരങ്ങളിലെ മാലിന്യം ഒഴുകി നടന്നത് കാൽനട യാത്രക്കാരെ യും പ്രതിസന്ധിയിലാക്കി.
കനത്ത മഴ യിൽ ഫോർട്ടുകൊച്ചി-വൈപ്പിൻ റോ- റോ തകരാറിലായതോടെ സർവീസും ഭാഗികമായി. വെള്ളക്കെട്ടുമൂലം സ്വകാര്യ ബസ് സർവീസും ഭാഗികമായി മാത്രമേ നടന്നുള്ളൂ. വൈറൽ പനി,കുളിർപനി എന്നിവ പകർച്ചവ്യാധി ഭീഷണി ഉയർത്തി.കനത്ത മഴയ്ക്കൊപ്പം കലിതുള്ളി കടൽകയറ്റവും രൂക്ഷമാണ്. കടലിൽ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവള്ളം തിരയിലകപ്പെട്ടെങ്കിലും അപകടം ഒഴിവായി.