കൊച്ചി: സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢ നീക്കങ്ങളെ നിയന്ത്രിക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളുടെ വിദ്യാലയങ്ങളിലെ നിയമനത്തിൽ സംവരണം നടപ്പാക്കാൻ ബാദ്ധ്യതയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലംസമർപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഇടതുസർക്കാരിന്റെ നിലപാടുകൾക്കെതിരായ വെല്ലുവിളി കൂടിയാണ് ഇത്തരം നീക്കം.
രാവിലെ 11 മണിക്ക് കേസ് വാദത്തിന് വന്നപ്പോൾ സമർപ്പിക്കാതിരുന്ന സത്യവാങ്മൂലം, രണ്ടാഴ്ചയ്‌ക്കകം നൽകണമെന്ന് നിർദ്ദേശിച്ചപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ സമർപ്പിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപ്ലോയീസ് ഫോറം മുഖ്യമന്ത്രിയോടും ദേവസ്വം മന്ത്രിയോടും ആവശ്യപ്പെട്ടു. കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി.ബൈജു, ട്രഷറർ എം.എം. മജേഷ്, ജിജി ഹരിദാസ്, അനീഷ് കുമാർ, എസ്. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.