ഫോർട്ട്‌ കൊച്ചി: ആസ്‌പിൻവാൾ പൈതൃകമന്ദിരമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കണമെന്നും, ഇതിനായി കാലതാമസം കൂടാതെ സർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന അടയാളമായി അവശേഷിക്കുന്ന ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മന്ദിരം തീരസംരക്ഷണ സേന ഏറ്റെടുത്താൽ കൊച്ചി മുസിരിസ്‌ ബിനാലെയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു. ബിനാലെ മുടങ്ങിപ്പോകുന്നത്‌ തീരാനഷ്ടവും അപമാനകരവുമാണ്. കലാ സാംസ്കാരിക രംഗത്തിന് പുറമെ, വിനോദസഞ്ചാര മേഖലയ്ക്കുൾപ്പെടെ ഉണർവുണ്ടാക്കുന്നതാണ് ബിനാലെ. ബിനാലെ വഴി സർക്കാരിനും സാധാരണക്കാ‌ർക്കും ഉണ്ടാകുന്ന സാമ്പത്തികനേട്ടം കണക്കിലെടുക്കണമെന്നും കത്തിലുണ്ട്. ആസ്പിൻവാൾ ഹൗസ് ഉൾക്കൊള്ളുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്നും പിന്മാറണമെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിനോടും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ ഒരു പ്രമുഖ വേദി എന്ന നിലയിൽ ആസ്പിൻവാൾ ഹൗസ് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിനയച്ച കത്തിൽ എം.പി ചൂണ്ടിക്കാട്ടി. കോസ്റ്റ് ഗാർഡിന്റെ ഓഫീസ് സ്‌പേസ് എന്ന നിലയിൽ ഈ പൈതൃക സ്വത്ത് പുനർനിർമ്മിക്കാനുള്ള സാദ്ധ്യത ആശങ്കാജനകമാണ്. കോസ്റ്റ് ഗാർഡ് ഭൂമി ഏറ്റെടുക്കുന്നതിനോട് കൊച്ചിക്കാർ എതിരല്ല. ആസ്പിൻവാൾ ഹൗസ് സംരക്ഷണം മാത്രമാണ് വിഷയമെന്നും എം.പി കൂട്ടിച്ചേർത്തു.