#ലോകനിലവാരമുള്ള ബേക്കറി ഉത്പന്നങ്ങൾ ലക്ഷ്യം
ആലുവ: ബേക്കറിരംഗത്ത് അന്യംനിന്നുപോയ പലഹാരങ്ങൾക്കും നാടൻ വിഭവങ്ങൾക്കും തിരിച്ചുവരവ് നൽകാൻ ഉടമകളുടെ നേതൃത്വത്തിൽ രൂപീകരിച്ച 'അപ്പക്കൂട്ട്' സംരംഭകർക്കും തൊഴിലാളികൾക്കുമായി സൗജന്യ പരിശീലനക്ളാസ് തുടങ്ങി. നാടൻവിഭവങ്ങളുടെ തിരിച്ചുവരവിനൊപ്പം വിദേശകയറ്റുമതിക്ക് യോഗ്യമായ ബേക്കറി ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് പരിശീലനം നൽകുകയെന്നതും ലക്ഷ്യമാണ്. കേരളത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശീലനം.
മാസങ്ങൾക്കുമുമ്പ് രൂപീകൃതമായ അപ്പക്കൂട് ഇതിനകംതന്നെ ബേക്കറി ഉടമകളുടെ പ്രതീക്ഷയായി മാറിയെന്നും ഭാരവാഹികൾ അവകാശപ്പെട്ടു. കോഴിക്കോട് താമരശേരിയിൽ അഗ്നിക്കിരയായ ബേക്കറി പുനരാരംഭിക്കുന്നതിനായി സംഘടന വാട്സ് ആപ്പ് മുഖേന ഒരാഴ്ചകൊണ്ട് ശേഖരിച്ചത് ആറ് ലക്ഷത്തോളം രൂപയാണ്. ആവശ്യമായ പണം ലഭിച്ചുവെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും അറിയിപ്പ് നൽകിയാണ് ധനസമാഹരണം
അവസാനിപ്പിച്ചതെന്നും അപ്പക്കൂട് ചെയർമാൻ റോയൽ നൗഷാദ് പറഞ്ഞു.
മദ്ധ്യകേരള പരിശീലനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോയൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീകുമാർ, ബിജു ജോസഫ്, സുബിൻ മാസ്റ്റർലൈൻ എന്നിവർ പ്രസംഗിച്ചു. കെ.എച്ച്.ആർ.എ, വ്യാപാരി വ്യവസായി സമിതി, ഏകോപനസമിതി എന്നിവയുമായി സഹകരിച്ചാണ് സംഘടന പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.