y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ പരിസരത്തേക്ക് മെട്രോ ടെർമിനൽ എത്തിയപ്പോഴുണ്ടായ ആഹ്ലാദം മഴയൊന്ന് പെയ്തപ്പോൾ പോയ്‌മറഞ്ഞുവെന്ന് നാട്ടുകാർ. കനത്ത വെള്ളക്കെട്ടിനാൽ വലിയ ദുരിതത്തിലാണ് മെട്രോ-റെയിൽ പരിസരവാസികൾ. ദീർഘവീക്ഷണമില്ലാത്ത മെട്രോ നിർമ്മാണവും റെയിൽവേയുടെ അനാസ്ഥയുമാണ് കാരണമെന്നാണ് ആരോപണം.

മെട്രോയോട് ചേർന്നുള്ള അഞ്ച് പട്ടികവിഭാഗക്കാർ ഉൾപ്പെടെ എട്ടോളം വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പള്ളിപ്പമ്പുകാവ് കാരുള്ളിൽ ലെയ്നിൽ ചെമ്പോത്തുരുത്ത്, എം.കെ.കെ നായർ നഗർ തുടങ്ങിയ സ്‌ഥലങ്ങളിൽ ഒറ്റ മഴയ്ക്ക് റോഡിൽ വെള്ളം നിറയും. വീട്ടിനകത്ത് വെള്ളം കയറിയതോടെ പലരും ബന്ധുക്കളുടെ വീട്ടിലേക്ക് താമസം മാറ്റി. വാഹനങ്ങൾ പുറത്തിറക്കാൻ വയ്യാത്തതോടെ ലീവെടുത്ത് വീട്ടിലിരിക്കുന്നവരും ഉണ്ട്.

മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് കണ്ണങ്കേരി തോടുൾപ്പെടെ മൂടിയതാണ് ദുരിതത്തിന് കാരണമെന്ന് പരിസരവാസികൾ പറയുന്നു. മറ്റ് തോടുകളും ഭാഗികമായി മൂടിപ്പോയി. നഗരസഭാ അധികൃതർ കഴിഞ്ഞദിവസം ഇവിടം സന്ദർശിച്ചപ്പോൾ റെയിൽവേയുടെ ഒരു കൽവേർട്ടിനകത്ത് പൈപ്പ് സ്ഥാപിച്ചതിനാൽ ഒഴുക്ക് തടസപ്പെടുന്നു എന്ന് കണ്ടെത്തിയിരുന്നു. തെക്ക് കിഴക്ക് വശത്തുള്ള മറ്റൊരു കൽവേർട്ട് വാട്ടർജെറ്റിംഗ് നടത്തി പ്രവർത്തന ക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും റെയിൽവേ നടപ്പാക്കിയില്ല. സംയുക്തമായി ഫ്ലോട്ടിംഗ് ജെ.സി.ബി ഇറക്കി റെയിൽവേയുടെ കിഴക്ക് വശത്ത് കെട്ടിക്കിടക്കുന്ന വെള്ളം ചാലുകീറി കോണോത്ത് പുഴയിൽ ഒഴുക്കാനുള്ള നിർദേശം റെയിൽവേ അംഗീകരിച്ചിരുന്നു. നഗരസഭയുടെ ജെ.സി.ബി നാല് ദിവസമായി മുടങ്ങാതെ പണി നടത്തിയിട്ടും റെയിൽവേയുടെ ജെ.സി.ബി ഇതുവരെ എത്തിയിട്ടില്ല.

ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ ജില്ലാകളക്ടറെ സന്ദർശിച്ച് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിക്കാൻ മെട്രോ, റെയിൽവേ അധികാരികളോട് കളക്ടർ നിർദ്ദേശിച്ചു.

സ്ഥലത്ത് ബോക്സ് കൽവെർട്ട് നിർമ്മിച്ച് സമീപത്തുള്ള റെയിൽവേയുടെ കൽവെർട്ടിനോട് ബന്ധിപ്പിക്കാൻ നഗരസഭ ആവശ്യപ്പെട്ടെങ്കിലും മെട്രോ ചെവിക്കൊണ്ടില്ല

പി.കെ. സുഭാഷ്

നഗരസഭ സെക്രട്ടറി