പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതല ശാഖയുടെ ആഭിമുഖ്യത്തിൽ ദിശ 2024 എന്നപേരിൽ 7 ദിവസംനീണ്ടുനിന്ന പഠനക്ലാസിന്റെ സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് കെ. ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുടുംബയൂണിറ്റ് ജോയിന്റ് കൺവീനർ അമ്പിളി മധു സംസാരിച്ചു.
ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ഒഫ് ആർട്സ് ഇൻ ഇംഗ്ലീഷിൽ രണ്ടാംറാങ്ക് നേടിയ കൃഷ്ണവേണി ഷാജിയെയും എംജി യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിൽ ഒൻപതാംറാങ്ക് നേടിയ കൃഷ്ണപ്രിയയെയും സമാപനസമ്മേളനത്തിൽ ആദരിച്ചു
എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 25വിദ്യാർത്ഥികളെ അനുമോദിച്ചു. നാരീപുരസ്കാര അവാർഡ് ജേതാവായ വനിതാസംഘം കമ്മിറ്റിഅംഗം മഞ്ജുമണി കുട്ടൻ, ഇന്ത്യൻ പ്രസിഡന്റിന്റെ ഗാർഡ്ഒഫ് ഓണർ പുരസ്കാരജേതാവ് ശാഖാ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.ആർ. ഷിജു, യുവസാഹിത്യകാരിയും എം.എ റാങ്ക് ജേതാവ്യമായ ആതിരദാസ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ എ ഗ്രേഡ് ലഭിച്ച യൂത്ത് മൂമെന്റ് ജോ. സെക്രട്ടറി ആദിത്യ ബിജു, നിഖിൽബോസ് എന്നിവരേയും ആദരിച്ചു. പഠനക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും പഠനോപകരണവും നൽകി. വിദ്യാഭ്യാസ ധനസഹായവും നൽകി.