വൈപ്പിൻ: ആർ.എം.പി തോടിന്റെ മുഖകവാടം തുറക്കാൻ ഗവൺമെന്റ് അടിയന്തര ഇടപെടൽ നടത്തണമെന്ന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലാശയമായ തോടിന്റെ അഴിമുഖകവാടം അടഞ്ഞുകിടന്ന് നീരൊഴുക്ക് തടസപ്പെടുന്നതിനാൽ പല പ്രദേശങ്ങളിൽനിന്നും വെള്ളം ഇറങ്ങിപ്പോകാൻ വൈകുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നു. 2വർഷം മുമ്പ് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അഴിമുഖം കവാടത്തിന് ആഴം വർദ്ധിപ്പിച്ചുവെങ്കിലും വൈകാതെ അടഞ്ഞുപോയിരുന്നു
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കളക്ടർക്കും കൊച്ചിൻപോർട്ട് ട്രസ്റ്റ് ചെയർമാനും പഞ്ചായത്ത് കത്ത് നൽകി . കളക്ടർ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകി.
പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വോൾഗ തെരേസ, അഡ്വ. ലീഗിഷ് സേവ്യർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് അധികാരികളെ കണ്ടത്.