1

മട്ടാഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷം പെയ്ത മഴയിൽ ചോർന്നൊലിച്ച മുണ്ടംവേലിയിലെ പി.ആൻഡ് ടി കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിച്ച ഫ്ളാറ്റ് സമുച്ചയം ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുടെ സംഘം സന്ദർശിച്ചു. ഫ്ളാറ്റിലെ ദുരിതാവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ സംഘം താമസക്കാരുടെ പരാതികൾ കേട്ടു. പതിനേഴര കോടി രൂപ മുടക്കി നിർമിച്ച കോളനി പദ്ധതിയിലെ അശാസ്ത്രീയമായ നിർമ്മാണവും അഴിമതിയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ഒരു യൂണിറ്റിന് പതിനേഴര ലക്ഷം രൂപയാണ് ചെലവാക്കിയത്. പദ്ധതിയുടെ ആദ്യകാല നടപടികൾ മുതൽ അന്വേഷണ പരിധിയിൽ കൊണ്ട് വരണം. ഇന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ ജി.സി.ഡി.എ ചെയർമാൻ. ഫ്ളാറ്റുകളിലെ താമസക്കാർക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നും ജി.സി.ഡി.എക്കും നഗരസഭക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഹൈബി പറഞ്ഞു. നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടി.ജെ വിനോദ് എം.എൽ.എയും ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൗൺസിലർമാരായ ദീപ്തി മേരി വർഗീസ്, എം.ജി. അരിസ്റ്റോട്ടിൽ, കെ.എ. മനാഫ്, ഷൈല തദേവൂസ്, ബാസ്റ്റിൻ ബാബു, മാലിനി കുറുപ്പ്, ആന്റണി പൈനുന്തറ, സോണി ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.