1

കോലഞ്ചേരി: പട്ടിമറ്റം പി.പി റോഡിൽ കോട്ടമല എസ്റ്റേറ്റിന്റെ അനധികൃതമായി നികത്തിയെടുത്ത ഭാഗത്തെ മുപ്പതടി പൊക്കമുള്ള കോൺക്രീറ്റ് മതിൽ ഇന്നലെ വൈകിട്ട് 6മുതൽ പെയ്ത കനത്ത മഴയ്ക്കിടയിൽ ഇടിഞ്ഞുവീണു. എമ്പ്രാമഠത്തിൽ കൃഷ്ണകുമാറിന്റെ വീട് ഭാഗികമായി തകർന്നു. മതിൽ ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേയ്ക്കിറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു. പി.പി റോഡിൽനിന്ന് പഴന്തോട്ടം കനാൽബണ്ട് റോഡിലേയ്ക്ക് പോകുന്ന വഴിയിലെ 450 മീറ്ററോളം വരുന്ന മതിൽ ഇടിഞ്ഞു. ഈ വഴിയുടെ രണ്ട് ഭാഗവും പൊലീസും പട്ടിമറ്റം ഫയ ഫോഴ്സും ചേർന്ന് അടച്ചു. ഇവിടെ പൊലീസ് പിക്കറ്റും ഏർപ്പെടുത്തി,

സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. ഏതു നിമിഷവും പൂർണമായി ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മതിൽ. 32 ഏക്കർ വരുന്ന എസ്റ്റേറ്റാണിത്. ഇവിടുത്തെ ഒരേക്കർ വരുന്ന ഭാഗത്ത് മണ്ണ് മാഫിയ നികത്തിയെടുത്ത ഭൂമിയുടെ പിന്നിലുള്ള മതിലാണ് 200 മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞത്. സമീപത്ത് മുപ്പതിലേറെ വീടുകളാണുള്ളത്. മഴ ശക്തമായാൽ നികത്തിയെടുത്ത സ്ഥലത്തുനിന്ന് മണ്ണൊലിച്ച് സമീപത്തെ വീടുകളിലേയ്ക്ക് എത്തും. ഇത് ദുരന്തത്തിന് ഇടയാക്കും.

എസ്റ്റേറ്റിലെ ഉയർന്ന ഭാഗത്തുനിന്ന് മണ്ണെടുത്ത് താഴ്ന്ന ഭാഗത്ത് നികത്തിയെടുത്തതാണ് അപകടത്തിന് കാരണം. തട്ടുതട്ടായി തിരിച്ച് നികത്തേണ്ട ഭൂമിയിൽ മുപ്പതടിയോളം പൊക്കത്തിൽ മണ്ണുനിറച്ച് ഇടയ്ക്ക് തൂണുകൾ സ്ഥാപിക്കാതെ കോൺക്രീറ്റ് മതിൽ ഉണ്ടാക്കുകയായിരുന്നു. പണിനടന്ന സമയത്ത് പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

രാത്രി ശക്തമായ മഴ തുടരുകയാണ്. മതിൽ പൊളിഞ്ഞ ഭാഗത്തുനിന്ന് മണ്ണ് ഒലിച്ചിറങ്ങുന്ന സ്ഥിതിയിൽ കൂടുതൽ വീട്ടുകാരെ രാത്രി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പൊലീസും ഫയർഫോഴ്സും പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർ എത്തിയശേഷം തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇവർ.