കൊച്ചി: ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കി കൊച്ചിയിൽ ഒമ്പത് ദിവസമായി നടക്കുന്ന 46-ാമത് അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഉച്ചകോടിയിൽ 56 രാജ്യങ്ങളിൽ നിന്ന് 350 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ അന്റാർട്ടിക്ക സംരക്ഷണത്തിനായി നൂതന പദ്ധതികൾ അവതരിപ്പിച്ചു. 29 വർഷത്തിന് ശേഷം 2053ലാകും ഉച്ചകോടി ഇനി ഇന്ത്യയിൽ നടക്കുക. 2007ൽ ഡൽഹിയിലായിരുന്നു ഇതിനുമുമ്പ് ഇന്ത്യയിൽ ഉച്ചകോടി നടന്നത്. ഉച്ചകോടിയുടെ സ്മരണയ്ക്കായി പ്രതിനിധികൾ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്റർ അങ്കണത്തിൽ തെങ്ങിൻ തൈകൾ നട്ടു. ഉച്ചകോടിയുടെ അദ്ധ്യക്ഷനായ പങ്കജ് സരൺ, കേന്ദ്ര എർത്ത് സയൻസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, ദേശീയ പോളാർ ആൻഡ് ഓഷൻ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത്, കേന്ദ്ര എർത്ത് സയൻസ് സയന്റിസ്റ്റ് (ജി) അഡ്വൈസർ ഡോ. വിജയകുമാർ, നാഷണൽ സെന്റർഫോർ പോളാർ ആൻഡ് ഓഷൻ റിസർച്ച് ഗ്രൂപ്പ് ഡയറക്ടർ ഡോ. രാഹുൽ മോഹൻ, നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സയന്റിസ്റ്റ് (ഇ) ഡോ. അവിനാഷ് കുമാർ, കൊച്ചി ഗ്രാൻഡ് ഹയാത്ത് ജനറൽ മാനേജർ രാജേഷ് രാം ദാസ്, ഹോട്ടൽ മാനേജർ നിബു മാത്യു എന്നിവരും തെങ്ങിൻ തൈകൾ നട്ടു.