cinema
cinema

ന്നത കലാമൂല്യത്തിന്റെ മറുപുറമായി, താരജാടയും ഗ്രൂപ്പിസവുമായി മുന്നോട്ടു പോയിരുന്ന മലയാള സിനിമയെ ആകെയുലച്ച സംഭവമായിരുന്നു 2017 ലെ നടി ആക്രമണക്കേസ്. സിനിമാസംഘടനകളെ നയിച്ചിരുന്നവർക്ക് സങ്കൽപ്പിക്കാനാകാത്ത വിധം അംഗങ്ങൾ ചേരിതിരിഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് (‌ഡബ്ല്യൂ.സി.സി ) എന്ന വേദിയുണ്ടായി. അവർ ആണധികാരത്തെ ചോദ്യം ചെയ്തു. സിനിമയിലെ അരുതായ്മകളെക്കുറിച്ച് മീ ടൂ വെളിപ്പെടുത്തലുകൾ പതിവായി. തുടർന്ന് ഏറ്റവും സുപ്രധാന തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടായി. അതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. സിനിമാരംഗത്ത് വനിതകൾ നേരിടുന്ന എല്ലാവിധ ചൂഷണങ്ങളും പഠിക്കാനുള്ള ജുഡിഷ്യൽ കമ്മിറ്റി. എന്നാൽ ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചതാണ് പിന്നീടുള്ള അനുഭവം.
ആറു മാസത്തേക്ക് നിയോഗിച്ച കമ്മിറ്റി ഏകദേശം രണ്ടരവർഷമെടുത്ത് സമഗ്രമായി തെളിവെടുത്ത് സമർപ്പിച്ച റിപ്പോർട്ട്, നാലരവർഷം കഴിഞ്ഞിട്ടും ഇരുട്ടിലാണ്. അതേ സമയം സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചും വാഗ്ദ്ധാന പീഡനങ്ങളും ബ്ലാക് മെയിലിംഗ് ആരോപണങ്ങളും തുടർക്കഥയായി നിലനിൽക്കുന്നു. അതിൽ ഒടുവിലത്തേതാണ് സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള കേസ്.

കുരുക്കോ
കെണിയോ?

സംവിധായകനും ബിഗ് ബോസ് താരവുമായ ഒമർ ലുലുവിനെതിരേ യുവനടി നൽകിയ പരാതിയിൽ കേസായത് കഴിഞ്ഞ ദിവസമാണ്. കൊച്ചി നെടുമ്പാശേരി പൊലീസാണ് അന്വേഷിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദ്ധാനം ചെയ്ത് തന്നെ പലതവണ മാനഭംഗപ്പെടുത്തിയെന്ന് പരാതിക്കാരി പറയുന്നു. എന്നാൽ പണംതട്ടാനുള്ള ബ്ലാക് മെയിലിംഗാണെന്നാണ് ഒമറിന്റെ വേർഷൻ. യുവതിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. സിനിമയിൽ അവസരം നൽകിയിട്ടുണ്ട്. പിന്നീട് അകന്നു. അതിന്റെ വിരോധമാകാം പരാതിക്ക് കാരണമെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. ഏതായാലും നിയമം നിയമത്തിന്റെ വഴിയിലാണ്. ഒമറിനെ ഹൈക്കോടതി ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
ദിലീപ് പ്രതിയായ നടി ആക്രമണക്കേസിനു ശേഷം ഏറ്റവും ചർച്ചയായത് നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രതിയായ പീഡനക്കേസായിരുന്നു. സ്വന്തം സിനിമയിലെ നായികയായ യുവതിയാണ് പരാതി നൽകിയത്. വിദേശത്തേക്ക് കടന്ന വിജയ് ബാബു, മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരിച്ചെത്തിയതും എറണാകുളം സെൻട്രൽ പൊലീസിൽ ഹാജരായതുമെല്ലാം കേരളം തത്സമയം കണ്ടു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന നിലയിൽ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങിയതായാണ് പിന്നീടുള്ള വിവരം.

പ്രശസ്ത യുവനടൻ ഉണ്ണി മുകുന്ദനെതിരേയും പീഡന പരാതി പൊലീസിലും കോടതിയിലുമെത്തിയിരുന്നു. സിനിമാക്കഥ പറയാൻ മുറിയിൽ ചെന്നപ്പോൾ നടൻ അപമാനിച്ചെനായിരുന്നു ആരോപണം. എന്നാൽ ഇത് വ്യാജ പരാതിയാണെന്നാണ് ഉണ്ണി വിശദീകരിച്ചത്. കേസ് കൊടുക്കുമെന്നു പറഞ്ഞ് ലക്ഷങ്ങൾ പിടുങ്ങാൻ പരാതിക്കാരിയും വക്കീലും ശ്രമിച്ചെന്നും നടൻ ആരോപിച്ചിരുന്നു. സ്വഭാവനടൻ അലൻസിയർ ലൈംഗിക ലക്ഷ്യങ്ങളോടെ സമീപിച്ചെന്ന് യുവനടി ദിവ്യ ഗോപിനാഥിന്റെ മീ ടു വെളിപ്പെടുത്തലും സിനിമയിൽ പ്രകമ്പനമുണ്ടാക്കി. പരാതിയുമായി ദിവ്യ ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെയും എത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ഷിയാസ് കരീം അറസ്റ്റിലായതും സമീപ കാലത്താണ്. ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ ഹേമ കമ്മറ്റി എന്താണ് ശുപാർശ ചെയ്തിരിക്കുന്ന സൂചന പോലും പൊതുജനങ്ങൾക്ക് ലഭ്യമായിട്ടില്ല. ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന നിർദ്ദേശം കമ്മറ്റി റിപ്പോർട്ടിലുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരം മാത്രമാണ് പുറത്തുവന്നത്. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ വേണമെന്ന ഉത്തരവാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യമായ നടപടി. ആദ്യമൊക്കെ ചില നിർമ്മാണ കമ്പനികൾ ഇത് പാലിച്ചെങ്കിലും പിന്നീട് കുത്തഴിഞ്ഞു.

ഉടയാത്ത വിഗ്രഹങ്ങൾ

ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് ഡബ്ലു.സി.സി വഹിച്ച പങ്ക് നിർണായകമായിരുന്നു. നടി പാർവതി തിരുവോത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം വനിതകൾ സിനിമയ്ക്കുള്ളിൽ നടത്തിയ പോരാട്ടവും... എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ മടിച്ചു. ശുപാർശകൾ പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ വച്ചു. കമ്മറ്റിക്കു പിന്നാലെ കമ്മറ്റി വന്നതിനെ വിമർശിച്ച് പാർ‌വതി നടത്തിയ പരാമർശങ്ങൾ വൈറലായിരുന്നു. റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാർവതി തുറന്നുപറഞ്ഞു. കമ്മിറ്റിക്ക് മൊഴി നൽകിയ വ്യക്തിയെന്ന നിലയിൽക്കൂടിയായിരുന്നു പ്രതികരണം. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സിനിമാ മേഖലയിലെ ശക്തമായ ലോബി സർക്കാരിനെ സ്വാധീനിച്ചിരിക്കാമെന്നും പാർവതി ആരോപിച്ചു. എന്നാൽ റിപ്പോർട്ട് കാണണമെന്ന പിടിവാശിയെന്തിനെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചത്. മൊഴി നൽകിയ പലരുടേയും സുരക്ഷയും സ്വകാര്യതയും മാനിച്ച് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് ജസ്റ്റിസ് ഹേമ തന്നെയാണ് നിർദ്ദേശിച്ചതെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.

ന്യായീകരണം എന്തുതന്നെയായാലും കോളിളക്കം സൃഷ്ടിച്ച ഒരു വിഷയത്തിൽ, ജൂഡീഷ്യൽ കമ്മിറ്റിയിൽ നിന്ന് ലഭിച്ചിട്ടുള്ള ശുപാർശകൾ ശരിയാംവണ്ണം പരിശോധിച്ച് സമയബന്ധിതമായി നടപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സിനിമാ മേഖലയിലെ പീഡന പരാതികൾ ആവർത്തിക്കുകയാണെന്ന കാര്യത്തിൽ മനസുവയ്ക്കണം. ഹേമ കമ്മിറ്റിയ്ക്കായി 1,65,00,000 രൂപയുടെ പൊതുപ്പണമാണ് ചെലവഴിച്ചതെന്നെങ്കിലും കുറഞ്ഞപക്ഷം ഓർമ്മിക്കണം.