anil-sreenivas

കൊച്ചി: കുറ്റാന്വേഷണത്തിലും രക്ഷാപ്രവർത്തനങ്ങളിലും പുരസ്കാരനിറവിലും തോളോടുതോൾ ചേർന്നുനിന്ന കേരള പൊലീസിലെ മൂന്നുപേർ വിരമിക്കുന്നതും ഒരുമിച്ച്. എറണാകുളം റൂറൽ എ.എസ്.പി അനിൽ ശ്രീനിവാസ്, സബ് ഇൻസ്പെക്ടർമാരായ ഡി. സുരേഷ് കുമാർ (കമ്പംമെട്ട്), കെ.എം. സെയ്യദ് മുഹമ്മദ് (പീരുമേട്) എന്നിവരാണിവർ. 2009ൽ തേക്കടി ബോട്ട് അപകടത്തിലും 2010ൽ ശബരിമല പുല്ലുമേട് ദുരന്തത്തിലും രക്ഷാപ്രവർത്തകരായതും പ്രധാനമന്ത്രിയുടെ ജീവൻരക്ഷാപഥക്കും മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും ഏറ്റുവാങ്ങിയതും ഒരുമിച്ചായിരുന്നു.

2009-10 കാലത്ത് അനിൽ ശ്രീനിവാസ് കുമളി പൊലീസ് ഇൻസ്പെക്ടർ ആയിരുന്നു. സുരേഷ് കുമാറും സെയ്യദ് മുഹമ്മദും അന്ന് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും. 2009 സെപ്തംബർ 30ന് വൈകിട്ടാണ് 80 പേർ കയറിയ കെ.ടി.ഡി.സിയുടെ 'ജലകന്യക" ഉല്ലാസ ബോട്ട് തേക്കടിയിലെ മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം അപകടത്തിൽപ്പെട്ട് 45 പേർ മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കുവഹിച്ച അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് 2012ൽ പ്രധാനമന്ത്രിയുടെ ജീവൻരക്ഷാ പഥക് ലഭിച്ചു. അതിൽ മൂന്നുപേർ ഇവരായിരുന്നു. 102 പേരുടെ ജീവനെടുത്ത പുല്ലുമേട് ദുരന്തസമയത്തെ പ്രവർത്തന മികവിന് 2015ലാണ് മൂവർക്കും ഒരേവേദിയിൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.

റാന്നി അത്തിക്കയം എസ്.എൻ.വി സദനത്തിൽ പരേതനായ പി.കെ. ശ്രീനിവാസൻ-ഗൗരിക്കുട്ടി ദമ്പതികളുടെ മകനാണ് അനിൽ ശ്രീനിവാസ്. 1996ൽ സബ് ഇൻസ്പെക്ടർ ആയാണ് തുടക്കം. പൊലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് ഇന്റലിജൻസ് വിഭാഗത്തിലെ ഡിജിറ്റൽ സർവെയ്‌ലൻസ് യൂണിറ്റിൽ ഡിവൈ.എസ്.പിയായിരുന്നപ്പോൾ കേരളത്തിൽ ഒളിവിൽ താമസിച്ചിരുന്ന അസാം ബോഡോ തീവ്രവാദി നേതാവ് ബി.എൽ. ഡിങ്കയെ കുടുക്കിയത് ഉൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) അസി.ഡയറക്ടറായും ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചു. നയതന്ത്രചാനൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിലും പങ്കാളിയായി. നിലവിൽ എറണാകുളം റൂറൽ അഡീഷണൽ ജില്ല പൊലീസ് സൂപ്രണ്ടാണ്.

തേക്കടി ഗെയിറ്റുങ്കൽ പരേതരായ കെ.കെ. ദാമോദരൻ - അംബിക ദമ്പതികളുടെ മകനാണ് ഡി. സുരേഷ് കുമാർ. കോതമംഗലം പല്ലാരിമംഗലം കളപ്പുരയ്ക്കൽ പരേതനായ മുഹമ്മദ്, പാത്തുമ്മ ദമ്പതികളുടെ മകനാണ് സെയ്യദ് മുഹമ്മദ്.