ന്യൂഡൽഹി: മേയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജി 2024-ന്റെ ഉത്തര സൂചിക (Answer Key) നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
ഉത്തര സൂചികയിൽ പ്രസിദ്ധീകരിച്ച ഉത്തരങ്ങൾ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഇന്ന് രാത്രി 11.50 വരെ ഉന്നയിക്കാൻ അവസരമുണ്ട്. ഓരോ ചോദ്യത്തിനും 200 രൂപ വീതം അടയ്ക്കണം. വിദഗ്ധ സമിതിയുടെ പരിശോധനയുടെകൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഉത്തര സൂചികയും ഫലപ്രഖ്യാപനവും. പരാതി സ്വീകരിച്ചോ തള്ളിക്കളഞ്ഞോ എന്നത് അപേക്ഷകനെ നേരിട്ട് അറിയിക്കില്ലെന്നും എൻ.ടി.എ അറിയിച്ചു.
പരാതി ഉന്നയിക്കേണ്ട വിധം
1. exams.nta.ac.in എന്ന വെബ്സൈറ്റിൽ NEET UG പരീക്ഷാ പേജിലെത്തുക
2. Provisional answer key challenge വിൻഡോയിൽ ക്ലിക്ക് ചെയ്യുക
3. Test booklet code തിരഞ്ഞെടുത്ത് അതിൽ നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകുക
4. തർക്കമുള്ള ചോദ്യം തിരഞ്ഞെടുത്ത് അതിൽ നിങ്ങൾ കണ്ടെത്തിയ ശരിയായ ഉത്തരം അടയാളപ്പെടുത്തുക
5. Save your Claim and Pay Fee Finally-യിൽ ക്ലിക്ക് ചെയ്യുക
6. പുനഃപരിശോധനാ ഫീസ് അടയ്ക്കുക
7. കൺഫർമേഷൻ ലഭിക്കുന്നതോടെ ആ പേജ് തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിലേക്ക്
അപേക്ഷിക്കാം
ആറ്റിങ്ങൽ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, നാഗസ്വരം, തകിൽ വിഭാഗങ്ങളിലായി ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ 15നും 20നും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് പാസായിട്ടുള്ള ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളായിരിക്കണം. പ്ലസ്ടു കാർക്ക് മുൻഗണന. പ്രവേശനം ലഭിക്കുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വംബോർഡ് നൽകും.അപേക്ഷഫാറം www.travancoredevaswam.orgൽ നിന്നു ഡൗൺലോഡ് ചെയ്ത് അപേക്ഷാഫീസ് 100 രൂപ ദേവസ്വം കമ്മിഷണറുടെ പേരിലുള്ള 126-1-6223 നമ്പർ അക്കൗണ്ട് ഹെഡിൽ ധനലക്ഷ്മി ബാങ്കിന്റെ നന്തൻകോട് ശാഖയിൽ മാറത്തക്കവിധം ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20ന് വൈകിട്ട് 5ന് മുമ്പായി ക്ഷേത്ര കലാപീഠത്തിൽ ലഭിക്കണം.അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും (ഒറിജിനൽ) ഹാജരാക്കണം.അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. അഭിരുചി പരീക്ഷ ജൂൺ 26ന് ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ നടത്തും. വിവരങ്ങൾക്ക് മാനേജർ: 7591969060 പ്രിൻസിപ്പൽ ഇൻ ചാർജ്: 9495392739.