കൊച്ചി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ (എൻ.എച്ച് 85) നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തിൽ വനംവകുപ്പിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഇത് 'റോഡ് പുറമ്പോക്കാ"ണെന്ന് റവന്യൂ രേഖകളിൽ വ്യക്തമാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.
നേര്യമംഗലം - വാളറ ഭാഗം വനംവകുപ്പ് അധീനതയിലാക്കിയതിനെതിരെ മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥി കിരൺ സിജു, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ബബിൻ ജെയിംസ്, വനത്തിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ജയിലിലടച്ച വഴിയോര കരിക്കു വില്പനക്കാരൻ മീരാൻ എന്നിവരുടെ ഹർജികളിലാണ് ഉത്തരവ്.
ടൂറിസം കോറിഡോറിൽ ഉൾപ്പെട്ട കൊച്ചി - ധനുഷ്‌കോടി പാത 980 കോടി രൂപ മുടക്കിൽ നവീകരിച്ചുവരികയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗം വനഭൂമിയിലാണെന്ന വാദത്താൽ വീതി കൂട്ടാനും കാനയും സംരക്ഷണഭിത്തിയും കെട്ടാനും വനംവകുപ്പ് അനുവദിക്കുന്നില്ല. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ ഗതാഗത തടസമുണ്ടാകുന്ന സ്ഥലം കൂടിയാണിത്.
പ്രശ്‌നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം വകുപ്പുകളുടെ യോഗം പലതവണ വിളിച്ചെങ്കിലും വനംവകുപ്പ് നിലപാടിൽ ഉറച്ചുനിന്ന സാഹചര്യത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
റോഡ് രാജഭരണ കാലം മുതൽ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണന്ന് ഹർജിക്കാർ വാദിച്ചിരുന്നു.