കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് നേരിടാൻ നടപടി സ്വീകരിക്കാത്തതിനെതിരെ നഗരസഭയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ സെക്രട്ടറി ചെൽസാ സിനിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. വെള്ളക്കെട്ട് നിർമ്മാർജനത്തിനായി കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ നൽകിയിട്ടും ഫലപ്രദമായി വിനിയോഗിക്കാത്തത് നഗരസഭ അധികൃതരുടെ അനാസ്ഥയാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ ആരോപിച്ചു.
സമരത്തിനിടെ ഓഫീസിന് പിറകിലൂടെ പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് നാല് പ്രവർത്തകർ മുകളിലെത്തിയത്. മേയർ മുറിയിലുണ്ടായിരുന്നില്ല. തുടർന്ന് ഇവർ താഴും ചങ്ങലയും കൊണ്ട് സെക്രട്ടറിയുടെ മുറി പൂട്ടി. മഫ്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി ഇവരുമായി പിടിവലി നടത്തി താക്കോൽ വാങ്ങി മുറി തുറക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കണ്ണൻ തുരുത്തിൽ. അനുരൂപ് വരാപ്പുഴ, വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ, നേതാക്കളായ വിവേക് വരാപ്പുഴ, വിനൂപ് ചന്ദ്രൻ, വിപിൻരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വലിച്ചിഴച്ചാണ് ഇവരെ താഴേക്ക് കൊണ്ടുവന്ന് ജീപ്പിൽ കയറ്റിയത്.