sndp
ഷൈജ

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ മലയാളവിഭാഗം അദ്ധ്യാപികയായ ഷൈജ 29വർഷത്തെ സർവീസിനുശേഷം ഇന്ന് വിരമിക്കുന്നു. ഓരോ വിദ്യാർത്ഥിയെയും മാതൃഭാഷയോട് കൂടുതൽ ചേർത്ത് നിറുത്തുവാൻ ടീച്ചർക്ക് സാധിച്ചു. വിദ്യാർത്ഥികളുമായുള്ള ആത്മബന്ധത്തിലൂടെ മികച്ച അദ്ധ്യാപികയായും വഴികാട്ടിയായും വിദ്യാർത്ഥികളുടെ മനസിൽ സ്ഥാനം നേടുവാനും സാധിച്ചു. കവിതാ പാരായണത്തിൽ തിളങ്ങുന്ന ടീച്ചർ കാവ്യകേളിയും അക്ഷരശ്ലോകവും വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. നിരവധി വർഷങ്ങളിൽ സംസ്ഥാന, ജില്ലാ ഹയർ സെക്കൻഡറി കലോത്സവത്തിൽ കാവ്യകേളിയിൽ സ്കൂളിന് ഒന്നാംസ്ഥാനം നേടിക്കൊടുത്തതിന്റെ പിന്നിൽ ടീച്ചറുടെ കഠിനാദ്ധ്വാനമാണ്. വിദ്യാർത്ഥികളുടെ കഥ, കവിത, നാടൻപാട്ട് തുടങ്ങിയ സൃഷ്ടികൾ സമാഹരിച്ച് ഓരോവർഷവും മലയാളം കൈയെഴുത്ത് മാസിക തയ്യാറാക്കി പ്രകാശനം ചെയ്തിരുന്നു. സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ കവിതാപാരായണം, കാവ്യകേളി, അക്ഷരശ്ലോകം എന്നിവയിൽ സ്ഥിരം വിധി കർത്താവുകൂടിയാണ് ടീച്ചർ.

സൗഹൃദ ക്ലബ് കോ ഓർഡിനേറ്ററായ ടീച്ചർ ഒട്ടനവധി പരിപാടികൾ ക്ലബിന്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾഹാളിൽ നടക്കുന്ന യാത്രഅയപ്പ് യോഗം സ്കൂൾ മാനേജർ വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ബിജി ടി.ജി അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ പുറപ്പുഴ സ്വദേശിയും പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യേഗസ്ഥനുമായ കാവുംപുറത്ത് ഷാജിയാണ് ഭർത്താവ്. ജിഷ്ണു ഷാജി, അഞ്ജലി ഷാജി എന്നിവരാണ് മക്കൾ.