മൂവാറ്റുപുഴ: ഈ അക്കാഡമിക് വർഷത്തിൽ യു.ജി.സിയുടെ സ്വയംഭരണ പദവിയുമായി ഹോണേഴ്സ് ബിരുദ പ്രോഗ്രാമിൽ വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങുകയാണ് നിർമല കോളേജ്. അക്കാഡമിക് വൈവിദ്ധ്യവും പ്രവർത്തനമികവും നൈപുണ്യവികസന-തൊഴിൽ അധിഷ്ഠിത കോഴ്സുകളുമായാണ് വിദ്യാർത്ഥികളെ വരവേൽക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് പറഞ്ഞു. പ്രവേശനത്തിന് കോളേജ് വെബ്സൈറ്റ് (www.nirmalacollege.ac.in) വഴിയാണ് അപേക്ഷിക്കേണ്ടത്. കോളേജിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്കുമുണ്ട്.

നാലുവർഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി പത്ത് എയ്ഡഡ് കോഴ്സുകളും ഏഴ് സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുമുണ്ട്. ക്യാമ്പസിൽ സിവിൽ സർവീസ് അക്കാഡമിയുമുണ്ട്. പുതിയ ഓണേഴ്സ് പ്രോഗ്രാമിൽ മികച്ച വിദ്യാർത്ഥികൾക്ക് ഫാസ്റ്റ്ട്രാക്കിൽ രണ്ടരവർഷംകൊണ്ട് ഡിഗ്രി പൂർത്തിയാക്കാം. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയിൽ 6150 ഇജേണലുകളും 90 പ്രിന്റഡ് ജേണലുകളും കൂടാതെ പിഎച്ച്.ഡി. തിസീസുകളുടെ ശേഖരവുമുണ്ട്.

വാർത്താസമ്മേളനത്തിൽ ബർസാർ ഫാ. പോൾ കളത്തൂർ, നിയുക്ത പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കണ്ണാടൻ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ഇമ്മാനുവൽ എ.ജെ, പ്രൊഫ. ജിജി കെ. ജോസഫ്, ഡോ. സോണി കുര്യാക്കോസ്, അഡ്മിഷൻ നോഡൽ ഓഫീസർ പ്രൊഫ. മാത്യൂസ് കെ. മനയാനി എന്നിവരും പങ്കെടുത്തു.