അങ്കമാലി: നഗരസഭ 16-ാം വാർഡിലെ നായത്തോട് ചമ്മല റോഡരികിലെ പാടശേഖരത്തിൽ ശൗചാലയ മാലിന്യം നിറഞ്ഞ് ദുർഗന്ധംവമിച്ച് ജനജീവിതം ദുസ്സഹമായി. മഴക്കാലമായതിനാൽ തോടുകൾവഴി പ്രദേശത്തെ പാടശേഖരങ്ങളിലെല്ലാം മാലിന്യം ഒഴുകിനടക്കുന്നു. ഇവിടെയുള്ളവർ മൂക്കുപൊത്തി കഴിയേണ്ട ഗതികേടിലാണ്. ജലജന്യരോഗങ്ങളും പകർച്ചവ്യാധികളുമുൾപ്പെടെ പടർന്ന് പിടിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ഒരാഴ്ചമുമ്പ് നഗരസഭയിലെയും താലൂക്കാശുപത്രിയിലെ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴ വീണ്ടും സ്ഥിതിഗതികൾ പഴയപടിയായതിനെത്തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തുവന്നു.
നഗരസഭ മുൻ ചെയർമാൻ അഡ്വ. ഷിയോപോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വൈ. ഏല്യാസ്, നേതാക്കളായ ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ, എം. എൻ. വിശ്വനാഥൻ, ബിജു പൂവേലി എന്നിവർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.