ആലുവ: വിവരാവകാശ നിയമം ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ തായിക്കാട്ടുകര സ്വദേശി കെ.ടി. രാഹുലിനെതിരെ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകാൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.
കോൺഗ്രസ് പ്രതിനിധി രാജേഷ് പുത്തനങ്ങാടി നൽകിയ കത്ത് കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയാണ് തീരുമാനമെടുത്തത്. നിരന്തരമായി വിവരാവകാശ പ്രകാരം അപേക്ഷകൾ ലഭിക്കുന്നതിനാൽ ജീവനക്കാർക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നും മാനസീക സമ്മർദ്ദത്തിലാകുന്നതായും ചൂണ്ടികാട്ടിയാണ് പ്രസിഡന്റ് രാജി സന്തോഷ് നിർദ്ദേശം മുന്നോട്ടുവച്ചത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഏഴ് പേർ അനുകൂലിച്ചു. മുതിർന്ന കോൺഗ്രസ് അംഗം കെ.കെ. ശിവാനന്ദൻ എതിർത്തു. വൈസ് പ്രസിഡന്റ് ഉൾപ്പെടെ ചിലർ അഭിപ്രായം പറഞ്ഞില്ല. പ്രതിപക്ഷ അംഗങ്ങളിൽ സി.പി.എമ്മിലെ ദിലിഷ്, ലീന, ബി.ജെ.പി പ്രതിനിധി രമണൻ ചേലാക്കുന്ന് എന്നിവരും നിർദ്ദേശത്തോട് വിയോജിച്ചു.
അതേസമയം പഞ്ചായത്ത് ഭരണത്തിലെ അഴിമതിക്കും ക്രമവിരുദ്ധമായ തീരുമാനങ്ങൾക്കുമെതിരായ പോരാട്ടം തുടരുമെന്ന് കെ.ടി. രാഹുൽ പറഞ്ഞു.