വൈപ്പിൻ: സാമൂഹ്യ പരിഷ്‌കർത്താവായി സഹോദരൻ അയ്യപ്പനെ രൂപപ്പെടുത്തിയത് ശ്രീനാരായണഗുരുവായിരുന്നെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എ. ബേബി പറഞ്ഞു. 107 വർഷം മുമ്പ് ചെറായിയിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടത്തിയ മിശ്രഭോജനത്തിന്റെ വാർഷികം ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാത്യാചാരങ്ങൾക്കെതിരെ ഗുരു സൗമ്യമായി പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്ത് പ്രായോഗികമാക്കുകയായിരുന്നു സഹോദരൻ. അയിത്തത്തിന്റെ ഇരകൾ, തങ്ങളോട് മുകളിലുള്ളവർ എങ്ങിനെയാണോ പെരുമാറിയത് അതുതന്നെയാണ് താഴെയുള്ളവരോടും പെരുമാറിയത്. രണ്ടിനെയും സഹോദരൻ എതിർത്തതായി അദ്ദേഹം പറഞ്ഞു.
സഹോദരൻസ്മാരക കമ്മിറ്റി ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു.കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, പൂയ്യപ്പിള്ളി തങ്കപ്പൻ, ഡോ.കെ.കെ.ജോഷി, എൻ.എസ്.സൂരജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മിശ്രഭോജനസ്മൃതി സദ്യ നടത്തി.
മിശ്രഭോജനം നടന്ന തുണ്ടിടപ്പറമ്പിൽ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ദീപശിഖ കൊളുത്തി. സഹോദരൻ സ്മാരകത്തിൽ ദീപശിഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഏറ്റുവാങ്ങി. സിപ്പി പള്ളിപ്പുറം, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഷൈനി തുടങ്ങിയവർ പങ്കെടുത്തു.