മട്ടാഞ്ചേരി: വീട്ടിലൊരു ഫലവൃക്ഷം എന്ന സന്ദേശവുമായി കാശിമഠാധിപതി സംയമീന്ദ്ര തീർത്ഥ സ്വാമികൾ ഫല വൃക്ഷത്തൈ വിതരണം നടത്തി. ശ്രീ സുധീന്ദ്ര ഫല ഉദ്യാൻ പദ്ധതിയിൽ സമുദായ ഭവനങ്ങളിലേയ്ക്കായാണ് തൈ വിതരണം നടത്തിയത്. കൊച്ചി തിരുമല ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ആയിരത്തിലേറെ ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്തത്. ഹൈബ്രീഡ് ഇനത്തിൽപ്പെട്ട പേര, മൂന്നുതരം മാവ്, പ്ലാവ്, ചിക്കുപഴം, തെങ്ങ് തുടങ്ങിയവ വിതരണം ചെയ്തു. മട്ടുപ്പാവ് ഉദ്യാനത്തിലടക്കം വളർത്താൻ പാകമായ തൈകളാണ് നൽകിയത്. കേരളം, കർണാടക എന്നിവിടങ്ങളിൽ സമുദായ ഭവനങ്ങളിൽ തുളസിക്കൊപ്പം ഫലവൃക്ഷം എന്ന സന്ദേശം പകരുകയും കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങൾ അറിയിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യഘട്ടമായി ജി.എസ്.ബി ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഫല വൃക്ഷത്തൈ വിതരണവും നടീൽ സംരംഭവും നടന്നിരുന്നു. രണ്ടാം ഘട്ടമായാണ് വീട്ടിലൊരു ഫലവൃക്ഷം പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. 15000ത്തിലേറെ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത് .